print edition എംബിബിഎസ് അധിക ഫീസ്: തീരുമാനമായില്ല

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർഥികളിൽനിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായില്ല. ഫീസ് തിരികെ നൽകാനാകില്ലെന്ന നിലപാടാണ് യോഗത്തിൽ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ സ്വീകരിച്ചത്.
ദേശീയ മെഡിക്കൽ കമീഷന്റെ (എൻഎംസി) നിർദേശത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിൽ തീരുമാനം കാക്കുകയാണെന്നും അവർ നിലപാടറിയിച്ചു. ഇതോടെ, അധ്യാപക–രക്ഷാകതൃ യോഗം വിളിച്ച് വിഷയം ചർച്ചചെയ്യാൻ ധാരണയായി.
അധിക ഫീസ് തിരികെ നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് എൻഎംസി നിർദേശം നൽകിയിരുന്നു. 2019ലെ എൻഎംസി നിയമത്തിനു വിരുദ്ധമായി അധിക ഫീസ് ഇൗടാക്കുന്നെന്ന പരാതിയിലാണ് നടപടി.
മൂവായിരത്തോളം കുട്ടികളിൽനിന്ന് മൂന്നര ലക്ഷം മുതൽ ആറുലക്ഷം വരെ അധികമായി ഈടാക്കുന്നെന്നാണ് പരാതി. എംബിബിഎസ് കോഴ്‌സുകളിൽ നിർദിഷ്ട അക്കാദമിക് കാലയളവായ നാലരവർഷത്തെ ഫീസേ വാങ്ങാവൂവെന്ന് എൻഎംസി ഏപ്രിലിൽ സർക്കുലർ ഇറക്കിയിരുന്നു.










0 comments