print edition തമ്മിലടിച്ച് മന്ത്രിമാർ; ഫീസ് തീരുമാനിക്കാതെ സർക്കാർ: മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനം തുടങ്ങി

പി ആർ ചന്തു കിരൺ
Published on Aug 30, 2026, 12:30 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ് പ്രവേശനം തുടങ്ങിയിട്ടും കോഴ്സുകളുടെ ഫീസ് നിശ്ചയിക്കാതെ അധികൃതർ. ഉന്നത വിദ്യാഭ്യാസമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിലുള്ള പോരാണ് കാരണം. സെപ്‌തംബർ അഞ്ചുവരെയാണ് ഒന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം പ്രവേശനം.
ഫീസ് തീരുമാനമാകാത്തതിനാൽ 2025–-26 വർഷത്തെ ഫീസ് താൽക്കാലികമായി അടച്ച് പ്രവേശനം നേടാനാണ് പ്രവേശന പരീക്ഷാ കമീഷണറുടെ നിർദേശം. പുതിയ ഫീസ് മുൻവർഷത്തേക്കാൾ കൂടുതലാണെങ്കിൽ അധികതുക അടയ്‌ക്കേണ്ടിവരും. ഫീസിൽ വ്യക്തതയില്ലാതായതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായി.
പ്രൊഫഷണൽ കോളേജുകളിലെ പ്രവേശന മേൽനോട്ടസമിതിയും ഫീസ് നിയന്ത്രണ സമിതിയും പുനഃസംഘടിപ്പിച്ചതിനെച്ചൊല്ലിയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ആരോഗ്യമന്ത്രി കെ മുരളീധരനും കൊന്പുകോർത്തത്. ഹൈക്കോടതി മുൻ ജഡ്‌ജി കെ പി ബാലചന്ദ്രനെ ചെയർമാനാക്കി സമിതികൾ പുനഃസംഘടിപ്പിച്ച് 19ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ബാലചന്ദ്രന്റെ നിയമനം റദ്ദാക്കിയില്ലെങ്കിൽ സ്വന്തം നിലയ്‌ക്ക് പ്രത്യേക സമിതിയെ നിയമിക്കുമെന്ന പ്രതികരണവുമായി മുരളീധരനും രംഗത്തെത്തി.
മന്ത്രിമാർ ഏറ്റുമുട്ടിയിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി ഒരാഴ്‌ച കഴിഞ്ഞിട്ടും തുടർനടപടിക്ക് ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. അധ്യക്ഷനെ നിലനിർത്തി മെഡിക്കൽ കോഴ്‌സുകളിലെ ഫീസ് നിർണയം, പ്രവേശന മേൽനോട്ടം എന്നിവയ്‌ക്ക് സമിതികൾ പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പാണ് ഉത്തരവിറക്കേണ്ടത്.









0 comments