വിഴിഞ്ഞം തുറമുഖം രക്ഷയൊരുക്കി: ഉൾകടലിൽ പരിക്കേറ്റ കപ്പൽ ജീവനക്കാരനെ കരയിലെത്തിച്ചു

ഫോട്ടോ : പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് കൊണ്ട് വരുന്നു.
കോവളം : കേരള തീരത്ത് ഉൾക്കടലിൽ വച്ച് മാരകമായി മുറിവേറ്റ കപ്പൽ ജീവനക്കാരനെ കരയിലെത്തിച്ചു. വിഴിഞ്ഞം തുറമുഖ അധികൃതരോട് വൈദ്യസഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കരയിലെത്തിച്ചത്. മാരിടൈം ബോർഡ് ടഗ് ധ്വനിയിലാണ് ഇയാളെ കരയിലെത്തിച്ചത്.
ഇന്ത്യാക്കാരനായ ജീവനക്കാരന് ജോലിക്കിടെ ഇടതു കൈത്തണ്ടയിൽ ആഴത്തിലുള്ള മുറിവേറ്റു. ഞരമ്പുകളറ്റ് രക്തം നഷ്ടമായതോടെയാണ് സഹായം അഭ്യർഥിച്ചത്. കപ്പലിലെ ഫിറ്റർ ജോലിക്കാരനായ അദ്ല കമലേശ്വര റാവു(29)വിനെയാണ് കരയിലെത്തിച്ചത്. നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ജീവനക്കാരനെ ഇറക്കിയശേഷം കപ്പൽ യാത്ര തുടർന്നു.

രാജ്യാന്തര കപ്പൽ ചാനലിലൂടെ സിങ്കപ്പൂരിൽ നിന്നും ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖത്തേക്കു പോവുകയായിരുന്ന കണ്ടെയ്നർ കപ്പലായ സിഎംഎ സിജിഎം വേർഡിൽ നിന്ന് ആണ് ജീവനക്കാരനെ കരയിലെത്തിച്ചത്.

സഹായ അഭ്യർഥന ലഭിച്ചതോടെ വിഴിഞ്ഞം തുറമുഖ പർസർ എസ് വിനുലാൽ, അസി.പോർട്ട് കൺസർവേറ്റർ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ടഗിനെ കപ്പലിന് അടുത്തേക്ക് അയച്ചു. വാർഫിൽ അടിയന്തര സന്നാഹങ്ങളൊരുക്കി. രാത്രിയോടെ തുറമുഖത്തു കൊണ്ടു വന്ന ജീവനക്കാരനെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കേന്ദ്രമായുള്ള ഗാങ്‌വേ ഷിപിങ് ആൻഡ് ലോജിസ്റിക്സ് മുഖാന്തിരമായിരുന്നു നടപടികൾ.









0 comments