print edition മാരിടൈം ബിൽ പാസാക്കി; തീരം തീറെഴുതുന്നു

കേരള മാരിടൈം ബോർഡ് ഭേദഗതി ബില്ലിനെ എതിർത്ത് സഭാനടപടികൾ ബഹിഷ്‌കരിച്ച പ്രതിപക്ഷാംഗങ്ങൾ പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രകടനമായി പുറത്തേക്ക് വരുന്നു
തിരുവനന്തപുരം : മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ, പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് നിയമസഭ പാസാക്കി. കോർപറേറ്റ് മാഫിയകൾക്ക് തീരദേശത്തെ തീറെഴുതുന്ന ബില്ലിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന ഉപജീവന മൗലികാവകാശം അട്ടിമറിക്കുന്നതാണ് ബില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബില്ലിന്റെ തുടർനടപടികളോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷാംഗങ്ങളുടെ ഭേദഗതികൾ വോട്ടിനിട്ട് തള്ളി. 222 മത്സ്യബന്ധന ഗ്രാമങ്ങളിലെ പത്തുലക്ഷത്തിലധികം മനുഷ്യരെ കടുത്ത ആശങ്കയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളുന്നതാണ് വ്യവസ്ഥകൾ. ഒരുജനത പരന്പരാഗതമായി കാത്തുസൂക്ഷിച്ച മണ്ണും കടലും വാണിജ്യതാൽപ്പര്യങ്ങൾക്കായി പിടിച്ചെടുക്കുകയാണ് ലക്ഷ്യം.
മറ്റ് വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്ത് ‘ലാൻഡ് ബാങ്ക്' രൂപീകരിക്കുമ്പോൾ, വള്ളം കയറ്റിവയ്‌ക്കാനും വലയുണക്കാനും യാനങ്ങൾ നന്നാക്കാനും തൊഴിലാളികൾ തലമുറകളായി ഉപയോഗിക്കുന്ന തീരങ്ങളാണ് നഷ്‌ടമാവുക. മീൻപിടിത്ത തുറമുഖങ്ങളും ലാൻഡിങ് സെന്ററുകളും ഇല്ലാതാക്കി സംയോജിത വാണിജ്യ ടൗൺഷിപ്പുകളും സ്വകാര്യപദ്ധതികളും വരുമ്പോൾ, മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശം വിലക്കപ്പെടും.
കടലിനെമാത്രം ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ സ്വന്തം ആവാസവ്യവസ്ഥയിൽനിന്ന് പായിച്ച് തൊഴിൽരഹിതരാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. പരമ്പരാഗതമായി മീൻപിടിത്തം നടത്തുന്ന കായലുകളിലും തീരക്കടലിലും ‘വാട്ടർഫ്രണ്ട് റോയൽറ്റി' ഈടാക്കാനുള്ള മനുഷ്യത്വരഹിതമായ വ്യവസ്ഥയുമുണ്ട്. പരിശോധനകളുടെ പേരിൽ ഉദ്യോഗസ്ഥർക്ക് നൽകുന്ന അമിതാധികാരങ്ങൾ തീരദേശത്ത് ഭീതിയുണ്ടാക്കും.
പൊതുസ്വകാര്യ പങ്കാളിത്തത്തിൽ ആരംഭിക്കുന്ന പദ്ധതികൾക്ക് കാലപരിധിപോലും വേണ്ട എന്നും ബില്ലിലുണ്ട്. ബില്ലിന്റെ ഭാഗമായി രൂപീകരിക്കുന്ന ഒരു സംവിധാനത്തിലും തീരദേശ ജനതയുടെയും പഞ്ചായത്തിന്റെയും പ്രതിനിധികളോ തദ്ദേശ, ഫിഷറീസ് വകുപ്പ് മന്ത്രിമാരോ സെക്രട്ടറിയോ ഇല്ല. മത്സ്യത്തൊഴിലാളികളും തീരദേശ സംഘടനകളുമില്ല.









0 comments