സമരം നിർത്തണമെന്ന് സർക്കാർ, വഴങ്ങില്ലെന്ന് ഉദ്യോഗാർഥികൾ; നീതി ലഭിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരമെന്ന് വളർമതി

എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി സമര സമിതി നേതാവ് വളർമതി തലമു-ണ്ഡനം ചെയ്യുന്നു ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. നിരാഹാര സമരത്തിന് പുറമെ വരുംദിവസങ്ങളിൽ മറ്റ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. കഴിഞ്ഞ ദിവസം സമരസമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിച്ചിരുന്നു. പാട്ട പെറുക്കൽ സമരം, ശവമഞ്ചമൊരുക്കി സമരം, നിയമസഭ വളയൽ എന്നിവയും ഉദ്യോഗാർഥികൾ നടത്തിയിരുന്നു.
ഇനി സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും, വാഗ്ദാനങ്ങൾ വെറും വാക്കിലൊതുക്കാതെ കൃത്യമായ ഉത്തരവുകളാക്കി സമരപ്പന്തലിൽ എത്തിക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ഉറച്ച നിലപാട്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ നിരാഹാര സമരം തുടരുമെന്ന് വളർമതി പറഞ്ഞു. ഉദ്യോഗാർഥികൾക്ക് ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നു. പ്രശ്നപരിഹാരത്തിന് 45 ദിവസം സാവകാശം ചോദിച്ചത് സമരം ഒതുക്കി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തന്ത്രമായിരുന്നു.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർഥികളുടെ പ്രശ്നങ്ങളിൽ വാചാലനായിരുന്ന വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിലെത്തിയപ്പോൾ അവഗണണിച്ചു. അദ്ദേഹത്തെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും നീതി ലഭിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരമിരിക്കുമെന്നും വളർമതി വളർമതി പറഞ്ഞു. ഇനിയൊരു ചർച്ചയ്ക്ക് തയ്യാറല്ലെന്നും ആദ്യം തന്ന ഉറപ്പുകൾ ഉത്തരവുകൾ ആക്കി സമരപ്പന്തലിൽ എത്തിക്കട്ടെ എന്നും വളർമതി പറഞ്ഞു.
സമരം നിർത്തി പോകണമെന്ന സർക്കാർ ആവശ്യത്തിൽ തങ്ങൾ വഴങ്ങില്ല. ഇത്രയും ഉദ്യോഗാർത്ഥികൾ തെരുവിലിരിക്കണമെന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്ന് ചോദിച്ച വളർമതി, തങ്ങളുടെ ആവശ്യം ന്യായമാണെന്ന ഉത്തമബോധ്യമുണ്ടെന്നും വ്യക്തമാക്കി.
അനിശ്ചിതകാല രാപ്പകൽ സമരം ചൊവ്വാഴ്ച 115-ാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥി–അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കുക, എയ്ഡഡ് നിയമനങ്ങൾ വേഗത്തിലാക്കാനുള്ള സർക്കുലർ മരവിപ്പിക്കുക, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അർഹമായ നിയമനാവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം. അധ്യാപകർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വിചിത്ര വാദമാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്.









0 comments