തദ്ദേശ വോട്ടർപ്പട്ടിക; അന്തിമപട്ടികയിൽ ക‍ൂടിയത്‌ 
1.18 ലക്ഷം വോട്ടർമാർ

Local Body Election 2025
avatar
സ്വന്തം ലേഖകൻ

Published on Oct 27, 2025, 12:15 AM | 1 min read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപ്പട്ടികയിൽ കൂടിയത്‌ 1,18,293 വോട്ടർമാർ. ശനിയാഴ്‌ചയാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചത്‌. ഇതുപ്രകാരം 2,84,30,761 വോട്ടര്‍മാരാണുള്ളത്‌. ഇതിൽ 1,33,52,996 പുരുഷന്മാരും 1,49,59,273 സ്‌ത്രീകളും 271 ട്രാൻസ്‌ജെൻഡർമാരുമാണ്‌. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനശേഷം പുതിയ വാര്‍ഡുകളിലെ പോളിങ്‌ സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക.


സെപ്‌തംബർ 29ന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിൽ 2,83,12,468 വോട്ടർമാരാണ്‌ ഉണ്ടായിരുന്നത്‌. ഇ‍ൗമാസം 14വരെ പേരുചേർക്കാൻ അവസരം നൽകി. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പ്രവാസി വോട്ടര്‍പ്പട്ടികയില്‍ ആകെ 2841 പേരുണ്ട്.


കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്‌, 35,74,802 പേർ. കുറവ്‌ വയനാട്ടിലും 6,40,183 പേർ. മറ്റുജില്ലകളിലെ വോട്ടർമാരുടെ കണക്ക്: തിരുവനന്തപുരം – 29,04,092, കൊല്ലം – 22,54,848, പത്തനംതിട്ട– 10,54,752, ആലപ്പുഴ– 17,89,549, കോട്ടയം– 16,29,096, ഇടുക്കി – 9,07,102, എറണാകുളം– 26,47,066, തൃശൂർ– 27,36,862, പാലക്കാട്‌– 24,11,914, കോഴിക്കോട്‌– 26,63,817, കണ്ണൂർ –21,14,668, കാസർകോട്‌– 11,02,010.


14 ജില്ലകളിലായി 941 പഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പ്പട്ടിക തയ്യാറാക്കിയത്. വോട്ടര്‍പ്പട്ടിക കമീഷന്റെ വെബ്സൈറ്റിലും(www.sec.kerala.gov.in) അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.


​ഒഴിവാക്കപ്പെട്ടത്‌ 3,72,747 പേർ


തദ്ദേശ വോട്ടർപ്പട്ടികയിൽനിന്ന്‌ 3,72,747 വോട്ടർമാരെ ഒഴിവാക്കി. മരിച്ചവർ, തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഒഴിവാക്കിവർ, പരാതികളുടെ അടിസ്ഥാനത്തിൽ തള്ളപ്പെട്ടവർ, വോട്ട്‌ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റപ്പെട്ടവർ എന്നിവരടക്കമാണിത്‌. പുതുതായി 4,90,968പേർ പട്ടികയിലെത്തി. പുരുഷന്മാർ 2,23,890, സ്‌ത്രീകൾ 2,67,065 , ട്രാൻസ്‌ജെൻഡർ 13 എന്നിങ്ങനെയാണത്‌.



deshabhimani section

Related News

View More
0 comments
Sort by

Home