ആവേശം പ്രത്യക്ഷം, ഉച്ചയോടെ പകുതിയോളം പേർ വോട്ട് രേഖപ്പെടുത്തി

ഫോട്ടോ ജയകൃഷ്ൻ ഓമല്ലൂർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിലെ സജീവത പ്രകടം. ഉച്ചയോടെ തന്നെ മിക്ക ജില്ലകളിലും പകുതിയോളം പേർ വോട്ട് രേഖപ്പെടുത്തി.
രാവിലെ മുതൽ തന്നെ എറണാകുളം ജില്ലയിലെ വോട്ടർമാരാണ് കൂടുതലായി ബൂത്തിൽ എത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവിടെ 63 ശതമാനം കവിഞ്ഞു. ആലപ്പുഴയാണ് തൊട്ട് പിറകെ. അവിടെയും 62 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് പൊതുവെ പതിയെയാണ് തുടക്കം കാണാനായത്. 55 ശതമാനം വോട്ടർമാരാണ് ബൂത്തുകളിൽ എത്തിയത്. കൊല്ലം ജില്ല 58 ശതമാനം കടന്നു. മലയോര ജില്ലയായ ഇടുക്കിയിൽ ഇതേ സമയത്തിനകം 53 ശതമാനത്തിൽ അധികം വോട്ടർമാർ എത്തി സമ്മതിദാനം നിർവ്വഹിച്ചു മടങ്ങി. പത്തനം തിട്ടയിലും 55 ശതമാനം കടന്നു. കോട്ടയത്ത് മൂന്ന് മണിയോടെ 60 ശതമാനം വോട്ടിങ്ങ് നടന്നു.
ഏഴ് ജില്ലകൾ വോട്ട് ചെയ്യുന്നു
ഒന്നാം ഘട്ടം ആകെ 11168 സീറ്റുകളിലാണ് മത്സരം. ഇവയിൽ ഗ്രാമപഞ്ചായത്തുകളിൽ - 8310 വാർഡുകൾ. ബ്ലോക് പഞ്ചായത്തുകളിൽ - 1090, ജില്ലാ പഞ്ചായത്തുകളിൽ - 164, മുനിസിപ്പാലിറ്റിയിൽ - 1371 ,കോർപ്പറേഷനുകളിൽ 233 വാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
ആകെ 13283789 വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്താനുള്ളത്. പുരുഷൻമാർ - 6251219, സ്ത്രീകൾ - 7032444, ട്രാൻസ് ജെൻഡർ - 126. മാത്രമല്ല പ്രവാസി വോട്ടർമാരും 456 പേർ പട്ടികയിലുണ്ട്. ഇവരിൽ പകുതി പേരും ബൂത്തുകളിൽ എത്തിയതായാണ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
36,360 സ്ഥാനാർഥികൾ കാത്തിരിക്കുന്നു
ആദ്യ ഘട്ടം ഏഴ് ജില്ലാ പരിധിയിൽ 36,630 പേർ ജനവിധി തേടുന്നു. ഇവരിൽ 17056 പുരുഷൻമാരും ഒരു ട്രാൻസ് ജെൻഡറും 19,573 സ്ത്രീകളും ഉൾപ്പെടുന്നു. 15432 ബൂത്തുകളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്.
രണ്ടാംഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11നാണ് വോട്ടെടുപ്പ്.
ഫോട്ടോ അരുൺ രാജ്
എഴ് ജില്ലകൾ 595 തദ്ദേശ സ്ഥാപനങ്ങൾ
ഏഴ് ജില്ലകളിലായി ഡിസംബർ ഒമ്പതിലെ ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് നടക്കുന്നു. 471 ഗ്രാമപഞ്ചായത്തുകൾ, 75 ബ്ലോക് പഞ്ചായത്തുകൾ, ഏഴ് ജില്ലാ പഞ്ചായത്ത്, 39 മുനിസിപ്പാലിറ്റി, മൂന്ന് കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
1200 ൽ ഒന്ന് കുറവ്
സംസ്ഥാനത്തെ ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 സ്ഥാപനങ്ങളിലേക്കാണ് ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ് വിഭജനത്തിലൂടെ ആകെ വാർഡുകളുടെ എണ്ണം 21,900-ൽ നിന്ന് 23,612 ആയി വർദ്ധിച്ചു.
ഇതിൽ 941 ഗ്രാമ പഞ്ചായത്തുകളിലായി 17,337 വാർഡുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2,267 വാർഡുകളും, 14 ജില്ലാ പഞ്ചായത്തുകളിലായി 346 വാർഡുകളും ഉൾപ്പെടുന്നു.
നഗരമേഖലയിൽ 86 മുനിസിപ്പാലിറ്റികളിലായി 3,205 വാർഡുകളിലേക്കും 6 കോർപ്പറേഷനുകളിലായി 421 വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ആകെ 23,576 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.
പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ മൂന്ന് വോട്ടുകൾ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക്) രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ നഗരസഭാ തലത്തിൽ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്










0 comments