print edition അവസരമൊരുക്കുന്നത് വൻ അഴിമതിക്ക്; ഇളവിൽ അടി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി പകുതിയിലേറെയായി വെട്ടിക്കുറച്ചതിലെ അഴിമതി ചർച്ചയായതിനു പിറകെ കോൺഗ്രസിലെ തമ്മിലടി പുറത്ത്. മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം തള്ളി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ സതീശന് കത്തയച്ചു. വകുപ്പും മന്ത്രിസഭയും മുന്നണിയും കോൺഗ്രസും അറിയാതെ സതീശൻ വൻകിട മദ്യക്കമ്പനികൾക്കുവേണ്ടി തീരുമാനം ബജറ്റിൽ തിരുകിക്കയറ്റിയതാണ് ഇവരെ ചൊടിപ്പിച്ചത്.
ലഹരി വിരുദ്ധപോരാട്ടത്തിന്റെ പേരിൽ ആഭ്യന്തര, എക്‌സൈസ് മന്ത്രിമാര്‍ ഒരുവശത്തും മുഖ്യമന്ത്രി മദ്യലോബിക്കായി മറുവശത്തുമാണ് നിൽക്കുന്നത്. ടീം യുഡിഎഫ് എന്നത് വി ഡി സതീശനിൽ ഒതുങ്ങിയെന്ന ആരോപണം നേരത്തേയുണ്ട്. ഇത് ശരിവയ്‌ക്കുന്നതാണ് പുറത്തുവരുന്ന ഡീൽ കഥകൾ. മദ്യവ്യാപനം പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദേശം പിൻവലിക്കുന്നതോടൊപ്പം കരിമണൽ ഖനനം സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതിനെയും വി എം സുധീരൻ എതിർത്തിട്ടുണ്ട്. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം ലിജു, ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ എന്നിവർക്കും കത്തിന്റെ പകർപ്പ് അയച്ചു.
ബജറ്റ് പ്രസംഗത്തിലാണ് സുപ്രധാന തീരുമാനം കോൺഗ്രസ് നേതാക്കളിൽ പലരുമറിയുന്നത്. സർക്കാരിനു കിട്ടേണ്ട 600 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനത്തിൽ നഷ്‌ടപ്പെടുക. കർണാടകത്തിലെ വൻകിട മദ്യക്കമ്പനിക്കുവേണ്ടിയാണിതെന്നാണ് ആക്ഷേപം. ഇൗ കമ്പനിയില്‍നിന്ന് കോൺഗ്രസിന് കോടികൾ തെരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചതായാണ് അറിയുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നികുതി കുറയ്‌ക്കാനുള്ള ആവശ്യവുമായി ഇതേ കമ്പനി സമീപിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നികുതി കുറയ്‌ക്കുന്നതിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആരോപിച്ചത്. മുസ്ലിം ലീഗിന്റെ അറിവോടെയാണ് തീരുമാനമെന്ന ആക്ഷേപവും ശക്തമായി.
മദ്യത്തിനെതിരെന്ന് പുറമേക്ക് പറയുന്ന ലീഗിന്റെ യഥാർഥ മുഖം നികുതിയിളവില്‍ മൗനം പാലിക്കുന്നതിലൂടെ വെളിവായി.
സാധാരണ മദ്യത്തിന് 251 ശതമാനവും ബിയറിന് 116 ശതമാനവും സ്‌പിരിറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന 20 ശതമാനംവരെ വീര്യമുള്ള മദ്യത്തിന് 251 ശതമാനവുമായിരുന്നു നികുതി. അതാണ്, 10 ശതമാനംവരെ വീര്യമുള്ളതിന് 120 ശതമാനമായും 20 ശതമാനംവരെയുള്ളതിന് 175 ശതമാനവുമായി വെട്ടിക്കുറച്ചത്.










0 comments