ലീഡ്‌സ് റാങ്കിങ്ങിൽ മിന്നും പ്രകടനം
print edition കേരളം ഇനി ‘ഹൈ പെർഫോമർ’

പി രാജീവ്
തിരുവനന്തപുരം : കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ലീഡ്‌സ് (ലോജിസ്‌റ്റിക്‌സ് ഇൗസ് എക്രോസ് ഡിഫറന്റ് സ്‌റ്റേറ്റ്‌സ്) റാങ്കിങ്ങിൽ മികച്ച പ്രകടനവുമായി കേരളം. കഴിഞ്ഞ വർഷം ആസ്‌പയർ വിഭാഗത്തിലായിരുന്ന കേരളം ഇക്കുറി ഉയർന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ‘ഹൈ പെർഫോമേഴ്സ്' വിഭാഗത്തിലെത്തി. കയറ്റുമതിയും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചരക്കുനീക്ക സേവനങ്ങളുടെ കാര്യക്ഷമത അടിസ്ഥാനമാക്കിയാണ് റാങ്കിങ് കണക്കാക്കുക.
സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ലഭിച്ച വലിയ സാക്ഷ്യപത്രമാണിതെന്ന് മുൻ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ലോജിസ്റ്റിക്സ് നയവും ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ സംരംഭകർ ഉന്നയിച്ച നിർദേശങ്ങൾ പരിഗണിച്ച് ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങളും നേട്ടത്തിന് കാരണമായി. റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലകളിലും വെയർഹൗസിങ് സംവിധാനങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാൾ ഉയർന്നപ്രകടനം കാഴ്ചവെച്ചു.
ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ ചരക്കുനീക്കം അതിവേഗത്തിലാക്കി. ചരക്കുനീക്കം തത്സമയം നിരീക്ഷിക്കാനുള്ള ‘ട്രാക്ക് ആൻഡ് ട്രേസ്' സംവിധാനവും വലിയപങ്ക് വഹിച്ചു. ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതും ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യതയും റാങ്കിങ്ങിൽ നിർണായകമായി. ഏഴുകോടി രൂപ വരെയുള്ള മൂലധന സബ്‌സിഡികളും സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളും ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ വലിയ നിക്ഷേപങ്ങൾ എത്തിക്കാൻ സഹായിച്ചു. ഇനി വരുന്ന സർക്കാരും ഈ നയങ്ങൾ തുടരുമെന്നാണ് വിശ്വസിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.











0 comments