ജയിൽ ഉദ്യോഗസ്ഥർക്ക് മരണാനന്തരബഹുമതിയായി ഇനി സംസ്‌കാര പരേഡ്


സ്വന്തം ലേഖകൻ
Published on Mar 27, 2025, 08:11 PM | 1 min read
തൃശൂർ: യൂണിഫോമുള്ള ജയിൽ ഉദ്യോഗസ്ഥർക്ക് മരണാനന്തര ബഹുമതിയായി ഫ്യൂണറൽ പരേഡ് നടത്താൻ സർക്കാർ അനുമതി. സേവനത്തിലിരിക്കെ മരണപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആകാശത്തേക്ക് വെടിയുതിർത്തും വിരമിച്ച ജയിൽ ഉദ്യോഗസ്ഥർ മരിക്കുമ്പോൾ വെടിയുതിർക്കാതെയും പരേഡ് നടത്താനാണ് അനുമതി. ജയിൽ വാർഡൻ മുതൽ ഡിഐജി വരെയുള്ളവർ ഈ മരണാനന്തര ബഹുമതിക്ക് അർഹരാവും. സംസ്‌കാര ചടങ്ങിൽ നിലവിലുള്ള ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി സർക്കാരിന് അധികബാധ്യത വരുത്താത്ത വിധം ഫ്യൂണറൽ പരേഡ് നടത്താനാണ് അനുമതി നൽകിയത്. മാർച്ച് 26നാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തവിറങ്ങിയത്. അംഗബലം ഒഴിച്ച്, പൊലീസ് വകുപ്പിലെ ഫ്യൂണറൽ പരേഡിന്റെ നടപടിക്രമങ്ങൾക്ക് സമാനമായി പരേഡ് നടത്താം.
ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിന്റെ പേരിൽ പരേഡ് കമാൻഡർ പുഷ്‌പചക്രം സമർപ്പിക്കും. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ മരിച്ചാൽ അസിസ്‌റ്റന്റ് സൂപ്രണ്ട് ഗ്രേഡ് –-1 തസ്‌തികയിലുള്ള ഉദ്യോഗസ്ഥൻ പരേഡ് കമാൻഡറായിരിക്കും. കുറഞ്ഞത് 12 അസി. പ്രിസൺ ഓഫീസർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ തസ്‌തികയിലുള്ള ഉദ്യോഗസ്ഥർ പരേഡ് അംഗങ്ങളായിരിക്കും. മറ്റു ഉദ്യോഗസ്ഥർ മരിച്ചാലും തസ്‌തിക അനുസരിച്ചുള്ള പരേഡിന് രൂപം നൽകിയിട്ടുണ്ട്. സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് ജില്ലകളിൽ ചുമതല. സെൻട്രൽ ജയിൽ ഇല്ലാത്ത ഇടങ്ങളിൽ ജില്ലാ ജയിൽ സൂപ്രണ്ടിനാണ് ചുമതല. ആത്മഹത്യ ചെയ്‌ത ഉദ്യോഗസ്ഥർക്ക് ഫ്യൂണറൽ പരേഡ് നടത്തേണ്ടതില്ല.
ജയിൽ എക്‌സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്ക് ഫ്യൂണറൽ പരേഡിന് അനുമതി ആവശ്യപ്പെട്ട് കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ അനുമതി നൽകിയത്. നിലവിലുള്ള ജീവനക്കാരുടെ സാമൂഹിക അംഗീകാരവും ആത്മാഭിമാനവും വർധിപ്പിക്കാൻ സർക്കാർ നടപടി സഹായകരമാവുമെന്ന് കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി വി ജോഷി പറഞ്ഞു.










0 comments