ad
Deshabhimani

പ്രഖ്യാപനം ആഘോഷമാക്കും , സെൻട്രൽ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ 
 അഞ്ചിന്‌ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും ; മുഖ്യാതിഥികളായി കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ

print edition ക്ഷേമകേരളം ; നവംബർ ഒന്നിന്‌ അതിദാരിദ്ര്യമുക്തമാകും

kshemakeralam navakeralam
വെബ് ഡെസ്ക്

Published on Oct 23, 2025, 04:24 AM | 2 min read


മാന്ത്രികവടി വീശിയല്ല കേരളം ജനക്ഷേമ, വികസിത സംസ്ഥാനമായി വളരുന്നത്‌. 
അചഞ്ചലമായ ഇച്ഛാശക്തിയോടെ, പതറാത്ത ദൃഢനിശ്ചയത്തോടെ ജനങ്ങൾക്കുവേണ്ടി 
നിലയുറപ്പിച്ചൊരു സർക്കാരിന്റെ നിരന്തരമായ പ്രയത്നമുണ്ട്‌ പിന്നിൽ. ഒന്നുംതരാതെ 
പ്രതികാരബുദ്ധിയോടെ കേന്ദ്രസർക്കാർ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്പോഴും കേരളം സ്വയം മുന്നേറുകയാണ്‌. എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്ന സമഗ്രവികസനത്തിന്റെ 
വസന്തം തീർക്കുകയാണ്‌. അതിദരിദ്രരില്ലാത്ത ആദ്യസംസ്ഥാനമാകും 
കേരളപ്പിറവിദിനത്തിൽ നാം. സാധാരണക്കാരുടെ ചികിത്സാവഴിയിൽ കാരുണ്യക്ക്‌ 
240 കോടികൂടി, അതിദരിദ്രർക്ക്‌ ജീവിതസ്വപ്‌നങ്ങൾ നെയ്യാൻ 50 ഫ്ലാറ്റുകൾ.. 
ഓരോ മന്ത്രിസഭായോഗത്തിലുമുണ്ട്‌. 
രാജ്യത്തിനു വഴികാട്ടുന്ന മാനവികതയുടെ മഹാമാതൃകകൾ.. 
ചേർത്തണച്ച് പങ്കിടുന്ന ഇ‍ൗ നന്മകളാണ്‌ ... നമ്മളൊന്നായ്‌ നിർമിക്കുന്ന നവകേരളം...


നവംബർ ഒന്നിന്‌ അതിദാരിദ്ര്യമുക്തമാകും

അതിദാരിദ്ര്യം തുടച്ചുനീക്കി ചരിത്രം രചിക്കുന്ന സുവർണനിമിഷം ആഘോഷമാക്കാൻ കേരളം. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം. ഇതര സംസ്ഥാനങ്ങൾക്ക്‌ മാതൃകയാകുംവിധമുള്ള ഇ‍ൗ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ചിന്‌ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമൽഹാസൻ എംപി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളാകും. എല്ലാ മന്ത്രിമാരും പരിപാടിയിൽ പങ്കാളികളാവും. പരിപാടിക്കുശേഷവും മുന്പും കലാവിരുന്നും അരങ്ങേറും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടക്കും.


2021 ൽ അധികാരത്തിലെത്തിയ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തിന്റെ ആദ്യതീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം. നിശ്ചയിച്ച സമയത്തുതന്നെ ആ ലക്ഷ്യം കൈവരിക്കാനായി. സർവേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി അതിജീവനം ദുഷ്‌കരമായ കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണക്കാക്കിയത്‌. ഓരോ മേഖലയിലും ഓരോ കുടുംബത്തിനും ആവശ്യമായ സഹായവും സേവനവുമെത്തിക്കാൻ പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ.


64,006 കുടുംബങ്ങളിൽ 4421 കുടുംബങ്ങൾ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങൾ) മരിച്ചു. നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായില്ല. ഇരട്ടിപ്പുവന്ന 47 കേസുകളുണ്ട്. ഇങ്ങനെ 4729 എണ്ണം ഒഴികെ ബാക്കി 59277 കുടുംബങ്ങളാണ് ഒടുവിൽ അതിദരിദ്രരായി പട്ടികയിലുണ്ടായിരുന്നത്.


വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി, ജനറൽ കൺവീനർ ടിങ്കു ബിസ്വാൾ എന്നിവരും പങ്കെടുത്തു.


k n balagopal


കാരുണ്യക്ക്‌ 
250 കോടി രൂപകൂടി

കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ സർക്കാർ 250 കോടി രൂപകൂടി അനുവദിച്ചു. ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ്‌ സൗജന്യ ചികിത്സ.

കുടുംബത്തിന്റെ വാർഷിക പ്രീമിയം 1050 രൂപ. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ പ്രീമിയത്തിൽ 418.80 രൂപ സംസ്ഥാനവിഹിതവും ബാക്കി കേന്ദ്ര വിഹിതവുമാണ്‌. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ബാധകമല്ല. അംഗത്വഫീസും ഇല്ല.


കേരളത്തിലുടനീളം 197 സർക്കാർ ആശുപത്രികളിലും നാല്‌ കേന്ദ്രസർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാണ്. മരുന്നുകൾ, അനുബന്ധ വസ്‌തുക്കൾ, പരിശോധനകൾ, ഡോക്‌ടറുടെ ഫീസ്, ഓപ്പറേഷൻ തിയറ്റർ– ഐസിയു– ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽപ്പെടും. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന്‌ മൂന്നുദിവസം മുന്പുമുതലുള്ള ചികിത്സാച്ചെലവും ആശുപത്രിവാസത്തിനുശേഷം 15 ദിവസത്തേക്കുള്ള മരുന്നും പദ്ധതിയിലൂടെ നൽകുന്നു.


അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ലാറ്റ്‌

അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരമുള്ള ഭൂരഹിത, ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘പുനർഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമാണം പൂർത്തിയാകുന്ന ഫിഷറീസ് വകുപ്പിന്റെ സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് നല്‍കുക. പുനർഗേഹം പദ്ധതി പ്രകാരം നിര്‍മിച്ചതില്‍ അധികമുള്ള ഫ്ലാറ്റുകളാണിത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home