30 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; വ്യവസായ വകുപ്പ് ചരിത്ര നേട്ടത്തിൽ

പ്രതീകാത്മക ചിത്രം
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ വൻ കുതിപ്പ്. ബിസിനസ് പ്ലാനുകളും കൃത്യമായ ധാരണാപത്രങ്ങളും ഫലപ്രദമായി നടപ്പിലാക്കിയതിലൂടെ 2025-26 സാമ്പത്തികവർഷത്തിൽ 5275.34 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടാൻ സാധിച്ചു. ഈ കാലയളവിൽ മാത്രം നൂറ് കോടിയോളം രൂപയുടെ പ്രവർത്തന ലാഭമാണ് കൈവരിച്ചത്. അഭിമാനകരമായ നേട്ടം കൂടിയാണിത്.
യൂണിയൻ ഗവണ്മെൻ്റ് പൊതുമേഖലയെ തകർക്കുന്ന കാലത്ത്, അവയെ സംരക്ഷിക്കുകയും ലാഭത്തിലാക്കുകയും ചെയ്യുക എന്ന ഇടതുപക്ഷ ബദൽ നയത്തിന്റെ വിജയം കൂടിയാണ്. ഇതോടൊപ്പം 30 പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തന ലാഭത്തിലായത് ഏറ്റവും തിളക്കമാർന്ന നേട്ടമായി. കുറച്ചുകാലം മുൻപ് നഷ്ടത്തിലായി, അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നിരുന്ന നിരവധി സ്ഥാപനങ്ങളെ ലാഭത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾക്ക് സാധ്യമായി എന്നതിന്റെ തെളിവ് കൂടിയാണ് ഈ നേട്ടങ്ങൾ.
35 സ്ഥാപനങ്ങൾ വിറ്റുവരവിൽ വലിയ വർധനവ് രേഖപ്പെടുത്തുകയും, 12 സ്ഥാപനങ്ങൾ തങ്ങളുടെ നഷ്ടം ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ലാഭം ലക്ഷ്യമിട്ടുകൊണ്ട് മാർക്കറ്റിലെ സ്വകാര്യസ്ഥാപനങ്ങളുമായി മത്സരരംഗത്തിറങ്ങിയുള്ള ഫലപ്രദമായ നയങ്ങളും പ്ലാനിങ്ങുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് കാരണമായി. സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും സർക്കാർവലിയ മുൻഡഗണനയാണ് നൽകിയത്.
ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ പിഎഫ്, ഗ്രാറ്റുവിറ്റി കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2025-26 ബജറ്റിൽ 42.50 കോടി രൂപ വകയിരുത്തി തുക ലഭ്യമാക്കി വരുന്നു. കൂടാതെ, കെൽട്രോൺ ഉൾപ്പെടെയുള്ള നമ്മുടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു എന്നതും ഈ കാലയളവിൽ കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട നേട്ടമാണ്. ഭാവിയിലേക്കായി വിഷൻ-2031 പദ്ധതിയിലൂടെ ഒൻപതിനായിരം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതിന്റെ ഭാഗമായി റബ്ബർ അധിഷ്ഠിത വ്യവസായ ഹബ്ബിൻ്റെ നിർമ്മാണവും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണവും അതിവേഗം പുരോഗമിക്കുകയാണ്.











0 comments