Deshabhimani

print edition വഖഫ് ബോർഡ് പുനഃസംഘടന; അന്തിമ തീരുമാനം 
ഹർജി തീർപ്പാക്കിയ ശേഷം

kerala highcourt new 1

ഹൈക്കോടതി

വെബ് ഡെസ്ക്

Published on Oct 18, 2026, 01:30 AM | 1 min read

കൊച്ചി : കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച്‌ പുതിയ ചെയർപേഴ്‌സണെയും അംഗങ്ങളെയും നിയമിച്ച സർക്കാർ നടപടിയിൽ ഇടപെടാതെ ഹൈക്കോടതി. പുനഃസംഘടിപ്പിച്ചത് ചോദ്യം ചെയ്ത്‌ ചെയർപേഴ്‌സണായിരുന്ന കെ എസ് ഹംസയും മുൻ അംഗം സി കെ ഉസ്മാൻ ഹാജിയും നൽകിയ ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തി ജസ്റ്റിസ് എസ് മനു പരിഗണിച്ചെങ്കിലും സ്റ്റേ ആവശ്യം അനുവദിച്ചില്ല.


വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവ് തടയാൻ തക്ക അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് ഹർജിയിലെ അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. അംഗങ്ങളെ നിയമിക്കാൻ അധികാരമുള്ള സർക്കാരിന് നിയമനം റദ്ദാക്കാനും അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവടക്കം കോടതി കണക്കിലെടുത്തു.


വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള പൊതുതാൽപ്പര്യ ഹർജികളുമായി ബന്ധപ്പെട്ടതായതിനാൽ, ഹർജികൾ തുടർവാദത്തിനായി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ബോർഡ് ചെയർപേഴ്‌സണനെയും അംഗങ്ങളെയും നിയമിച്ചു ഫെബ്രുവരി നാലിലെ ഉത്തരവ് മറികടന്ന് ഒക്ടോബർ 16 ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹംസ അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം.


രണ്ട് അമുസ്ലിങ്ങളുടെ ഒഴിവുകൾ നികത്തുക എന്നതടക്കമുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ബോർഡ് പുനഃസംഘടിപ്പിച്ചത് തെറ്റാണെന്നാണ് വാദം. കഴിഞ്ഞ സർക്കാർ ഫെബ്രുവരി നാലിനായിരുന്നു വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ബോർഡിന്റെ കാലാവധി അഞ്ചു വർഷമാണെന്നും അതിന് മുൻപ് പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചു. രണ്ട് അമുസ്ലിം അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നത് അടക്കം ചോദ്യം ചെയ്യുന്ന ഹർജിയാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിലുളളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home