Deshabhimani

ലൈംഗികാതിക്രമ കേസ്: ഡോക്ടറോട് എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയില്ലെന്നത് മൊഴി തള്ളാൻ കാരണമല്ല; ഹൈക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Oct 22, 2026, 04:29 PM | 1 min read

കൊച്ചി : ലൈംഗിക അക്രമത്തിനിരയായ വ്യക്തി വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറോട് എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയില്ല എന്നതുകൊണ്ട് അവരുടെ മൊഴി തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. പൊലീസിനോ മജിസ്ട്രേറ്റിനോ നൽകുന്ന മൊഴിയുടെ അതേ വിശദാംശങ്ങൾ മെഡിക്കൽ പരിശോധനയ്ക്കിടെ ഇരയിൽനിന്ന് പ്രതീക്ഷിക്കാനാവില്ല. ലൈംഗിക അതിക്രമത്തിനിരയായ കുട്ടിയുടെ മൊഴിയിൽ വിശ്വാസ്യത സംബന്ധിച്ച സംശയമുന്നയിച്ച് പ്രതി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.


തിരുവനന്തപുരം പോക്‌സോ പ്രത്യേക കോടതി ശിക്ഷിച്ച പ്രതിയുടെ അപ്പീൽ പരി​ഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 17 വയസുകാരിയെ ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. ഈ കേസിൽ പ്രതിക്ക് വിചാരണക്കോടതി 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. ഡോക്ടറുടെ മുന്നിൽ നൽകിയ വിവരങ്ങളിൽ എല്ലാ വിവരങ്ങളും പറഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, ഇരയുടെ മൊഴി വിലയിരുത്തുമ്പോൾ മെഡിക്കൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ മാത്രം നിർണായകമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.


ഇത്തരം കേസുകളിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ വിവരങ്ങളാണ് സാധാരണയായി ഡോക്ടർ രേഖപ്പെടുത്തുന്നത്. പൊലീസിനോ മജിസ്ട്രേറ്റിന് മുന്നിലോ നൽകിയ മൊഴിയിലെ എല്ലാ വിവരങ്ങളും മെഡിക്കൽ രേഖയിൽ ഉൾപ്പെടുത്തണമെന്ന് നിയമം നിർദേശിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.


സംഭവത്തിന്റെ ഓരോ വിശദാംശവും ഡോക്ടറുടെ മുന്നിലും ആവർത്തിച്ച് പറയാൻ ഇരയെ നിർബന്ധിക്കുന്നത് കൂടുതൽ മാനസികാഘാതത്തിന് ഇടയാക്കും. ലൈംഗികാതിക്രമം ശാരീരികവും മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.


ഡോക്ടർ ഇരയിൽ നിന്ന് രേഖപ്പെടുത്തിയ വിവരങ്ങൾ പൂർണമായി പരിശോധിച്ച് തിരുത്താനോ കൂട്ടിച്ചേർക്കാനോ അവസരം ലഭിച്ചിരിക്കണമെന്നില്ല. അതിനാൽ മെഡിക്കൽ രേഖയിൽ വിശദാംശങ്ങൾ വിട്ടുപോയെന്ന കാരണത്താൽ മാത്രം മൊഴി തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home