Deshabhimani

സാക്ഷികളെ അമിതമായി പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ സന്ദേശം

print edition ജഡ്ജിമാരുടെ ഇടപെടൽ പക്ഷപാതപരമാകരുത്; ഹെെക്കോടതി

Highcourt
avatar
സ്വന്തം ലേഖിക

Published on Sep 30, 2026, 02:46 AM | 1 min read

കൊച്ചി : വിചാരണക്കോടതി ജഡ്ജിമാർ സത്യം കണ്ടെത്താൻ കേസിൽ സജീവമായി ഇടപെടണമെങ്കിലും അത് ഏതെങ്കിലും ഒരു ഭാഗത്തോട് ആഭിമുഖ്യം കാണിക്കുന്ന രീതിയിലാകരുതെന്ന് ഹെെക്കോടതി. സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കുമ്പോൾതന്നെ, അവരെ അമിതമായി പ്രോത്സാഹിപ്പിക്കുന്നത് പ്രതിഭാഗത്തിന് തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്നും ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടി. ഗ്രീക്ക് ചിന്തകനായ സോക്രട്ടീസിന്റെ വാക്കുകൾ ഉദ്ധരിച്ച്‌, ‘ക്ഷമയോടെ കേൾക്കുക, വിവേകത്തോടെ മറുപടി നൽകുക, ഗൗരവമായി ചിന്തിക്കുക, നിഷ്പക്ഷമായി തീരുമാനമെടുക്കുക' എന്നതാകണം ജഡ്ജിയുടെ ശൈലിയെന്നും കോടതി അഭിപ്രായപ്പെട്ടു. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ്‌ വധക്കേസിലെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.


വിചാരണയ്ക്കിടെ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ തെറ്റാണെന്ന് തോന്നിയാൽ അത് കോടതി മാറ്റത്തിനുള്ള കാരണമായി കാണാനാകില്ലെന്നും ഹർജി തള്ളിയ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം വിചാരണക്കോടതിയിൽ സാക്ഷികളുടെ ക്രോസ് വിസ്താരത്തിന്‌ പ്രതിഭാഗത്തിന് വീണ്ടും അവസരം നൽകാനും നിർദേശിച്ചു. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും നീതി ലഭിക്കില്ലെന്നും ആരോപിച്ച് പ്രതികളായ ആകാശ് തില്ലങ്കേരി, രജിൽ രാജ്, ജിതിൻ (ചാത്തു) എന്നിവരാണ് കോടതിമാറ്റത്തിന് ഹൈക്കോടതിയെ സമീപിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home