print edition പൊലീസ് അസോ. പുനഃസംഘടന കോടതി തടഞ്ഞു

കൊച്ചി: നിലവിലുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പൊലീസ് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കാൻ അഡ്‌ഹോക് സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്‌തു. ആഭ്യന്തരവകുപ്പിന്റെ ജൂലൈ 27ലെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് അസോസിയേഷൻ (കെപിഎ) നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ) നിർത്തലാക്കി സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ വരെയുള്ളവരെ ഉൾപ്പെടുത്തി കെപിഎയും എസ്ഐ മുതൽ എസ്‌പിവരെയുള്ളവർക്കായി കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനുമായി പുനഃസംഘടിപ്പിക്കാനായിരുന്നു ഉത്തരവ്.
ഇതിന്റെ ഭാഗമായി നിലവിലെ കമ്മിറ്റികൾ മരവിപ്പിച്ച് അഡ്ഹോക് സമിതികൾ രൂപീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസം രൂപീകരിച്ച അഡ്ഹോക് സമിതിയുടെ പ്രവർത്തനം മറ്റൊരു ഉത്തരവുണ്ടാകുംവരെ തടഞ്ഞു. സംഘടന രൂപീകരിക്കാനുള്ള മൗലികാവകാശം ലംഘിക്കുന്നതാണ് ഉത്തരവെന്ന് ഹർജിക്കാർ വാദിച്ചു. ഹർജി ആഗസ്‌ത് ആറിന് പരിഗണിക്കും.










0 comments