കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും ആശ്വാസം: അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് നടപടി. തുടർ നടപടികൾക്കായി ഫർമാന് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ചൊവ്വാഴ്ച മൊണാലിസയും ഫർമാനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു.
പ്രായപൂർത്തിയാകാത്ത, പട്ടികവർഗക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പട്ടികജാതി -വർഗ പീഡന നിരോധനം, പോക്‌സോ നിയമപ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. എന്നാൽ, താൻ പ്രായപൂർത്തിയായ ആളാണെന്നും വിവാഹ സമയം 18 വയസ് പൂർത്തിയായിരുന്നെന്നും മൊണാലിസ വ്യക്തമാക്കിയിരുന്നു. ഇതിന് സാധുവായ രേഖകളും വാർത്താ സമ്മേളനത്തിൽ കാണിച്ചിരുന്നു. പിന്നീട് വിഷയം വിവാദമായതിനെത്തുടർന്ന് അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ ഔദ്യോഗിക ജനന സർട്ടിഫിക്കറ്റ് പോലും അധികൃതർ പിൻവലിക്കുകയുണ്ടായെന്നും ദമ്പതികൾ പറഞ്ഞിരുന്നു.
മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് മൊണാലിസയും ഫർമാനും ഹൈക്കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും, ഭരണകൂടവും മൗലികവാദ ഗ്രൂപ്പുകളും ഒത്തുചേർന്ന് ദമ്പതികൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും മൊണാലിസയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഫർമാൻ ഖാൻ മുസ്ലീം ആയതിനാൽ ഹിന്ദു ക്ഷേത്രത്തിൽ വെച്ചുനടന്ന വിവാഹം നിയമവിരുദ്ധമാണെന്നും, വിവാഹസമയത്ത് മൊണാലിസയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നുമായിരുന്നു മധ്യപ്രദേശ് സർക്കാരിന്റെ വാദം.










0 comments