ad
Deshabhimani

എന്തുകൊണ്ട് കേരളത്തിന് എയിംസ് ഇല്ല?; കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Highcourt.jpg
വെബ് ഡെസ്ക്

Published on Mar 11, 2026, 07:14 PM | 1 min read

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കാലതാമസം വരുത്തുന്ന കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേരളത്തിലെ എയിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് ഇത്രയധികം കാലതാമസം നേരിടുന്നതെന്ന് കോടതി ചോദിച്ചു.


നയപരമായ തീരുമാനത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തോട് വിവേചനം കാണിക്കരുതെന്ന് കോടതി കേന്ദ്ര സർക്കാരിന് കർശന മുന്നറിയിപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോൾ കേരളത്തെ മാത്രം ഒഴിവാക്കിയതിലെ മാനദണ്ഡം എന്താണെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ 11 വർഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്.


എന്നിട്ടും ഇതുവരെ തീരുമാനമെടുക്കാത്തത് എന്തുകൊണ്ടാണെന്നും എയിംസ് സ്ഥാപിക്കാൻ കേരളം അനുയോജ്യമല്ലേ എന്നും കോടതി ആരാഞ്ഞു. പദ്ധതിക്കായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം സ്ഥലം കണ്ടെത്തി തയ്യാറാക്കിയിട്ടില്ലേ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.


അതേസമയം, പുതിയതായി അനുവദിച്ച എയിംസുകളുടെ നിർമ്മാണത്തിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എയിംസ് അനുവദിക്കുന്നതിന് കേന്ദ്ര കാബിനറ്റ് തീരുമാനവും ഫണ്ട് വകയിരുത്തലും ആവശ്യമാണെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.


കോഴിക്കോട് കിനാലൂരിൽ എയിംസിനായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കേന്ദ്രം അനുമതി നൽകാൻ മടിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.


കേരളത്തിന്റെ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ എയിംസ് പദ്ധതിയിൽ കേന്ദ്രം പുലർത്തുന്ന മെല്ലെപ്പോക്കിനെതിരെ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിമർശനം സംസ്ഥാനത്തിന് വലിയ മുൻതൂക്കം നൽകുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home