ad
Deshabhimani

പിന്നാക്ക സംവരണം

print edition അർഹർക്ക്‌ ആനുകൂല്യം: സർക്കാർ നടപടി വ്യക്തമാക്കണം-ഹെെക്കോടതി

kerala highcourt new

ഹെെക്കോടതി

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

കൊച്ചി : പിന്നാക്ക വിഭാഗങ്ങളിലെ അർഹർക്ക് സംവരണ ആനുകൂല്യം ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി വ്യക്തമാക്കി ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന്‌ ഹൈക്കോടതി. പട്ടിക പുതുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമൂഹിക, സാമ്പത്തിക സർവേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന്‌ 2020ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


ഇത്‌ നടപ്പാക്കാത്തതിനെതിരെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ്‌ വിജിലൻസ് കമീഷൻ ട്രസ്റ്റ് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

മുസ്ലിങ്ങൾ, ആദിവാസി -ദളിത് അടക്കമുള്ള മറ്റു 70ലധികം പിന്നാക്ക വിഭാഗങ്ങൾ എന്നിവയ്‌ക്ക്‌ സർക്കാർ സർവീസിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ ആദ്യം കോടതിയെ സമീപിച്ചത്‌.


മണ്ഡൽ കമീഷൻ റിപ്പോർട്ട് സംബന്ധിച്ച സുപ്രീംകോടതി വിധിപ്രകാരവും കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചട്ടത്തിലെ 11–ാം വകുപ്പുപ്രകാരവും 10 വർഷത്തിൽ പട്ടിക പുതുക്കണം. പക്ഷേ, ഇക്കാര്യത്തിൽ നടപടിയുണ്ടാകാത്തത് പിന്നാക്കക്കാരിലെ മുന്നാക്കക്കാർക്ക് മാത്രം ആനുകൂല്യം ലഭിക്കാൻ കാരണമാകുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം.


ചട്ടത്തിലെ വകുപ്പുകളടക്കം പരിശോധിച്ച്‌ ആറ് മാസത്തിനകം സർവേ നടത്തി സംവരണ പട്ടിക പുതുക്കാനായിരുന്നു കോടതി നിർദേശം. ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. ഒരു വർഷത്തിനകം ഉത്തരവ് നടപ്പാക്കാൻ 2021ൽ നിർദേശവും നൽകി. അഞ്ച് വർഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും ഇത്‌ കോടതിയോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ കോടതിയലക്ഷ്യ ഹർജി നൽകിയത്‌. ഹർജി ഇനി 14ന് പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home