Deshabhimani

print edition കരുവാറ്റ കൊലപാതകം: പ്രായപൂർത്തിയാകാത്ത പ്രതികളെ 
തെളിവെടുപ്പിന് കൊണ്ടുപോകാം

karuvatta Murder
വെബ് ഡെസ്ക്

Published on Sep 16, 2026, 01:20 AM | 1 min read

കൊച്ചി: കരുവാറ്റയിൽ 67-കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ തെളിവെടുപ്പിനായി നിലവിൽ അവർ കഴിയുന്ന ഒബ്‌സർവേഷൻ ഹോമിൽനിന്ന്‌ പുറത്തുകൊണ്ടുപോകാൻ ഹെെക്കോടതി അനുമതി നൽകി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടെന്ന് കരുതുന്ന പ്രായപൂർത്തിയാകാത്തവർക്കെതിരായ അന്വേഷണത്തിനോ അതിന്റെ നടപടിക്രമങ്ങൾക്കോ കുട്ടികളാണെന്ന കാരണത്താൽമാത്രം നിയമം ഇളവ് അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.


ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ശരിവച്ച കോടതി, പൊലീസ്‌ അകമ്പടിയിൽ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്നും നിർദേശിച്ചു. തെളിവെടുപ്പിന് അനുമതി നൽകിയ ബോർഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്‌.


കുട്ടികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനെയല്ല, അവരുടെ മനസ്സിന് ആഘാതമുണ്ടാക്കുംവിധം പരുക്കൻരീതിയിലുള്ള ചോദ്യം ചെയ്യുന്നതിനെയാണ് നിയമം എതിർക്കുന്നത്. നിലവിൽ ബോർഡ്‌ ഏർപ്പെടുത്തിയ 13 കർശന വ്യവസ്ഥകൾ തെളിവെടുപ്പിൽ സംരക്ഷണം നൽകാൻ പര്യാപ്തമാണ്. കുട്ടികളെ മാധ്യമങ്ങളോ പൊതുജനങ്ങളോ കാണാത്ത രീതിയിലും ദൃശ്യങ്ങൾ പകർത്താത്ത വിധത്തിലും തെളിവെടുപ്പ് ക്രമീകരിക്കണം.


നിലവിലുള്ള നിയമവ്യവസ്ഥകൾ പാലിച്ച്, കുട്ടികളുടെ മാനസികാവസ്ഥയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകി തെളിവെടുപ്പ് നടത്താം. തെളിവെടുപ്പുസമയത്ത് വനിതാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെയും ചൈൽഡ് വെൽഫെയർ ഓഫീസറുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും നിർദേശിച്ചു.


ആഗസ്‌ത്‌ 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ 13കാരി ആവശ്യപ്പെട്ടപ്രകാരം കൗമാരക്കാരായ പ്രതികൾ സ്വർണം മോഷ്ടിക്കാൻ വയോധികനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home