ചടയമംഗലത്ത് 13കാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ

ചടയമംഗലം: നിലമേൽ 13 കാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പോലീസ് പിടിയിൽ. മുളകോണം ചരുവിള വീട്ടിൽ രാജേഷ് (44) ചടയമംഗലം പൊലീസ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. സ്ഥിര മദ്യപാനിയും കൂലിപ്പണിക്കാരനുമായ രണ്ടാം അച്ഛൻ യാതൊരു ദയയുമില്ലാതെ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിയുടെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുക്കുകയും അതി ക്രൂരമായി മർദിച്ച ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിയെ ഓടിച്ചിട്ട് തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍, അമ്മയാണ് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചത്.
നിത്യവും കുട്ടികളെ മർദിക്കുന്നതിനാലാണ് അമ്മ വീഡിയോ പകർത്തിയത്. കുട്ടിയുടെ ദയനീയമായ നിലവിളിയും രണ്ടാം അച്ഛൻറെ മർദനവും ആരുടെയും മനസ്സുലയ്ക്കുന്നതാണ്. മർദനത്തിൽ കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റു. സംഭവത്തെക്കുറിച്ച് കൊല്ലം റൂറൽ എസ്പിയും ചൈൽഡ് ലൈൻ അധികൃതരും സംയുക്തമായി അന്വേഷണം നടത്തി.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചടയമംഗലം പൊലീസ് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിക്ക് ചൈൽഡ് ലൈൻ കൗൺസിലിംഗും നൽകും. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.







0 comments