അസമിൽ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം: 23 പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ഗുവാഹത്തി: അസമിലെ കാസിരംഗയ്ക്ക് സമീപം ട്രക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിലാണ് അപകടമുണ്ടായത്.
ബൊക്കാഖട്ടിൽ നിന്ന് നാഗാവോണിലേക്ക് പോവുകയായിരുന്ന ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലര്‍ പൂർണമായും തകരുകയും നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
"ട്രാവലറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയോദ്യാനത്തിന് സമീപം ഏർപ്പെടുത്തിയിട്ടുള്ള വേഗപരിധി ലംഘിച്ച് അമിതവേഗതയിലായിരുന്നു ട്രാവലര്‍ സഞ്ചരിച്ചിരുന്നത്. ട്രാവലറിന്‍റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് വാഹനം കണ്ടെയ്‌നർ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്." ഗോലാഘട്ട് സീനിയർ പോലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക പറഞ്ഞു.
അപകടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ദുഃഖം രേഖപ്പെടുത്തി. "പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും വേദനയിൽ ഞാൻ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്," മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി അതുൽ ബോറ അപകടസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.








0 comments