Deshabhimani

ജിഎൻഎ: കരാറിന് സമ്മർദ്ദം ചെലുത്തിയത് ആര്? വെളിപ്പെടുത്തലുകളിൽ നിന്ന് ഒളിച്ചോടാതെ മുഖ്യമന്ത്രി പ്രതികരിക്കണം: പ്രതിപക്ഷ നേതാവ്

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Nov 13, 2026, 05:31 PM | 2 min read

തിരുവനന്തപുരം: ജിഎൻഎ കരാറിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ അവകാശവാദങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പരസ്യമായി സമ്മതിച്ചതിലൂടെ മന്ത്രിസഭയിലെ ഭിന്നത വെളിവായെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കെഎസ്ഇബി വൈദ്യുതി വാങ്ങാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ജിഎൻഎ കരാർ അപ്രായോഗികമാണെന്നും വകുപ്പ് മന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നു. ജിഎൻഎ എന്നത് വൈദ്യുതി ഉൽപ്പാദകരോ ലൈസൻസുള്ള ട്രേഡറോ അല്ല, മറിച്ച് വെറുമൊരു ഇടനില ഏജൻസി മാത്രമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ അന്ന് പുച്ഛിച്ചുതള്ളിയ മുഖ്യമന്ത്രിയെ സ്വന്തം മന്ത്രി തന്നെ തിരുത്തിയിരിക്കുന്നു. കരാറിലെ ക്രമക്കേടുകൾ പ്രതിപക്ഷം കയ്യോടെ പിടികൂടിയപ്പോൾ മാത്രമാണ് മുഖ്യമന്ത്രി അതിൽ നിന്നും പിന്മാറിയതെന്നതിന് വൈദ്യുതി മന്ത്രിയുടെ വാക്കുകൾ അടിവരയിടുകയാണ്.


ജിഎൻഎയ്ക്ക് വേണ്ടി തീരുമാനം എടുത്തത് താൻ തന്നെയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പ്രസ്താവിച്ചത് ജനങ്ങൾ കേട്ടതാണ്. അതിനാൽ, വഴിവിട്ട നീക്കങ്ങളും ദുരൂഹമായ ഇടപെടലുകളും നടന്നത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയോ നേതൃത്വത്തിലോ ഏകപക്ഷീയമായി ആണെന്ന് ഇതോടെ വ്യക്തമാക്കപ്പെട്ടു.


വിവാദം ശക്തമായപ്പോൾ, മുൻ കെഎസ്ഇബി ചെയർമാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തുമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്റെ തലയിലേക്ക് ഉത്തരവാദിത്തം കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഫലത്തിൽ സ്വന്തം വകുപ്പ് മന്ത്രിക്കെതിരെ കൂടിയാണ് മുഖ്യമന്ത്രി അന്ന് അവിശ്വാസം പ്രകടിപ്പിച്ചത്. എന്നാൽ, ആ അന്വേഷണം തന്നെയും സർക്കാരിനെയും വലിയ പ്രതിസന്ധിയിലാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ അതിൽ നിന്നും പിന്നോട്ട് പോയി.


കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് സമ്മർദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന സണ്ണി ജോസഫിന്റെ സാക്ഷ്യപ്പെടുത്തലോടെ, മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം ചൂണ്ടിക്കാണിച്ച അഭിപ്രായത്തോടാണ് വകുപ്പ് മന്ത്രിക്കും യോജിപ്പുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കിയും നിലപാടുകൾ നിരന്തരം മാറ്റിയും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൂർണ്ണമായും പൊളിഞ്ഞിരിക്കുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യങ്ങളെയാണ് അതേ മന്ത്രിസഭയിലെ അംഗം പരസ്യമായി നിരാകരിച്ചത്. മന്ത്രിസഭയിലെ കടുത്ത ഭിന്നതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്.


ക്രമക്കേടുകൾക്ക് കളമൊരുക്കിയ ശേഷം ആരോപണം ഉന്നയിക്കുന്നവരെ പരിഹസിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിസഭയിൽ നിന്ന് തന്നെ കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ആരാണ് ജിഎൻഎ കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറയാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ?


ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാതെ തന്നെ കേരളത്തിലെ വൈദ്യുതി സാഹചര്യം കൈകാര്യം ചെയ്യാമെന്നാണ് റെഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ജൂൺ മുതൽ സെപ്തംബർ വരെ യാതൊരു ഇടപെടലും നടത്താതെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയ നിഷ്ക്രിയത്വം തുടരാമെന്നല്ല ഇതിനർത്ഥം. അഴിമതിക്കരാറുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ, മനഃപൂർവം ഇടപെടലുകൾ ഒഴിവാക്കി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാൻ നീക്കമുണ്ടാകുമോ എന്ന ആശങ്ക ഈ പരസ്പരവിരുദ്ധമായ സമീപനങ്ങൾ ഉയർത്തുന്നുണ്ട്.


യഥാർഥ വസ്തുതകൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വൈദ്യുതി മന്ത്രിയുടെ വെളിപ്പെടുത്തലുകളിൽ നിന്ന് ഒളിച്ചോടാതെ പ്രതികരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം. ഈ വിഷയത്തിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home