Deshabhimani

ഡിജിറ്റൽ സയൻസ് പാർക്ക് നെടുമങ്ങാട്, ഉദ്ഘാടനത്തിനെത്തിയത് കഴക്കൂട്ടം എംഎൽഎ: നിർമാണം കിഫ്ബി വഴി

digital science park muraleedharan
വെബ് ഡെസ്ക്

Published on Nov 13, 2026, 05:23 PM | 2 min read

തിരുവനന്തപുരം : കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ മുൻ എൽഡിഎഫ് സർക്കാർ തുടക്കമിട്ട പദ്ധതിക്ക് വീണ്ടും നിർമാണോദ്ഘാടനം നടത്തി പിതൃത്വമേറ്റെടുക്കാൻ യുഡിഎഫ് സർക്കാർ. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് നാലിൽ ആരംഭിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമാണോദ്ഘാടനത്തിന് മുഖ്യാതിഥിയായി കൂടെക്കൂട്ടിയത് ബിജെപി എംഎൽഎയെയും.


2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തിയ പദ്ധതി കിഫ്ബിയുടെ ധനസഹായത്തോടെയാണ് നിർമിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ ആരംഭിച്ചത്. എന്നാൽ പദ്ധതിയുടെ നിർമാണോദ്ഘാടനത്തിൽ ക്രെഡിറ്റ് മുഴുവൻ യുഡിഎഫിനും ബിജെപിക്കുമാണ്.


ടെക്നോപാർക്ക് ഫേസ് നാലിലാണ് പദ്ധതി. ഇത് നെടുമങ്ങാട് മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ മണ്ഡലം എംഎൽഎയായ ജി ആർ അനിലിനെ പരിപാടിക്ക് ക്ഷണിച്ചില്ല. പകരം കഴക്കൂട്ടത്തുനിന്നുള്ള ബിജെപി എംഎൽഎ വി മുരളീധരനാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിനായി പരിപാടി നെടുമങ്ങാട് നടത്തുന്നതിനു പകരം കഴക്കൂട്ടത്തേക്ക് മാറ്റുകയായിരുന്നു. ടെക്നോപാർക്ക് ഫേസ് ഒന്നിലെ സി-ഡാക് ഹാളിലായിരുന്നു നിർമാണോദ്ഘാടനം


വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പരിപാടിയുടെ പോസ്റ്ററിലും നെടുമങ്ങാട് എംഎൽഎയുടെ പേരില്ല. എന്നാൽ കിഫ്ബി വഴിയുള്ള ധനസഹായം മുഖേനയാണ് നിർമിക്കുന്നതെന്ന് പോസ്റ്ററിലുണ്ട്. കിഫ്ബി അങ്ങേയറ്റം അനാവശ്യമാണെന്ന് സ്ഥാപിച്ച് തകർക്കാൻ ശ്രമിക്കുന്ന യുഡിഎഫ് തന്നെ കിഫ്ബി ധനസഹായം വഴി നിർമിക്കുന്ന പദ്ധതിയുടെ പിതൃത്വമേറ്റെടുത്ത് രം​ഗത്തെത്തിയതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.


2022-23ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ സയൻസ് പാർക്കിന് മുൻ എൽഡിഎഫ് സർക്കാരാണ് ഭരണാനുമതി നൽകിയത്. 2022 ഡിസംബറിൽ പദ്ധതിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചു. 2023 ഏപ്രിൽ 25ന് പ്രധാനമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. അതേ വർഷം ആ​ഗസ്ത് ഒന്നിന് ടെക്നോപാർക്കിലെ കബനി കെട്ടിടത്തിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.


പള്ളിപ്പുറം ടെക്നോസിറ്റിയിൽ ഡിജിറ്റൽ സർവകലാശാലയ്ക്ക് സമീപമാണ് സ്ഥിരം സയൻസ് പാർക്ക് ഒരുങ്ങുന്നത്. നിർമാണത്തിനുള്ള ആദ്യഘട്ട കിഫ്ബി അനുമതി 2026 സെപ്തംബറിൽ ലഭിച്ചിരുന്നു. തുടർന്ന് നിർമാണക്കരാറുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയാക്കി. പദ്ധതിയുടെ ആകെ അടങ്കൽ 1,515 കോടി രൂപയാണ്.


പദ്ധതി യാഥാർഥ്യമാകുന്നത് നെടുമങ്ങാട് മണ്ഡലത്തിലായിരിക്കെ, ഉദ്ഘാടന വേദിയായി കഴക്കൂട്ടം മണ്ഡലത്തിലെ ടെക്നോപാർക്ക് ഫേസ് ഒന്ന് തിരഞ്ഞെടുത്തതും അവിടത്തെ ബിജെപി എംഎൽഎയ്ക്ക് പ്രധാന പരിഗണന നൽകിയതും വ്യാപക വിമർശനത്തിനിടയാക്കി. പദ്ധതി നടപ്പാക്കുന്ന മണ്ഡലത്തിലെ ജനപ്രതിനിധിയെ ഉൾപ്പെടുത്താത്തതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കിയിട്ടില്ല. സംഘപരിവാറിനെ പ്രീണിപ്പിക്കാനായി ബോധപൂർവം ചെയ്തതാണെന്ന് വ്യക്തം. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയുടെ നിർമാണോദ്ഘാടനത്തിൽ ബിജെപി പ്രതിനിധിയെ ഉയർത്തിക്കാട്ടുന്നത് രാഷ്ട്രീയ നേട്ടത്തിനായാണെന്ന ആരോപണവും ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home