സച്ചിന്റെ മോശം റെക്കോഡിനൊപ്പമെത്തി കോഹ്‌ലി; 321 മത്സരങ്ങൾക്കിടെ 20 ഡക്കുകൾ

വിരാട് കോഹ്‌ലി| Photo: AFP
മൗണ്ട് മൗംഗനൂയി : ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ മറ്റൊരു മോശം റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരമെന്ന മോശം റെക്കോഡിൽ സച്ചിൻ ടെൻഡുൽക്കറിനൊപ്പമാണ് കോഹ്‌ലി എത്തിയത്. ഇരുവർക്കും 20 ഡക്കുകൾ വീതമാണുള്ളത്.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട കോഹ്‌ലി റൺസൊന്നുമെടുക്കാതെ പുറത്തായി. ഹെൻറിയുടെ പന്തിലാണ് താരം മടങ്ങിയത്. പരിക്കുമാറി തിരിച്ചെത്തിയ ഹെൻറി ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ, കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരെ പുറത്താക്കി.
സച്ചിൻ 463 ഏകദിനങ്ങളിൽനിന്ന് 20 തവണ പൂജ്യത്തിന് പുറത്തായപ്പോൾ, കോഹ്‌ലി 321 മത്സരങ്ങൾക്കിടെയാണ് ഇത്രയും തവണ പുറത്തായത്. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ഡക്കുകളുള്ളവരുടെ പട്ടികയിൽ ജവഗൽ ശ്രീനാഥാണ് മൂന്നാമത്.
229 മത്സരങ്ങളിൽനിന്ന് 19 തവണയാണ് ശ്രീനാഥ് പൂജ്യത്തിന് പുറത്തായത്. അനിൽ കുംബ്ലെയും രോഹിത് ശർമയും 18 ഡക്കുകളുമായി തൊട്ടുപിന്നിലുണ്ട്. കനത്ത തോൽവിക്കു പിന്നാലെ ഞായറാഴ്ച നടക്കുന്ന അഞ്ചാം ഏകദിനത്തിൽ തിരിച്ചുവരാനാകും ഇന്ത്യയുടെ ശ്രമം.








0 comments