'എൽ നിനോ ആരോഗ്യ അടിയന്തരാവസ്ഥ': ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

എൽ നിനോ ഗുരുതരമായ ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ ). 2026 സെപ്റ്റംബറിലെ ആഗോള വിലയിരുത്തലിൽ, ഉയർന്നതോ അതിതീവ്രമോ ആയ ആരോഗ്യ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങളും ഉയർന്ന അപകടസാധ്യതാ പട്ടികയിലുണ്ട്.
ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, ഉഷ്ണതരംഗത്തിനും ജലക്ഷാമത്തിനും പുറമെ പകർച്ചവ്യാധികൾ, പോഷകാഹാരക്കുറവ്, ആരോഗ്യ സേവനങ്ങളിലെ തടസ്സങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്. നവംബർ 2ന് പുറത്തിറക്കിയ പുതിയ തയ്യാറെടുപ്പ്-പ്രതികരണ പദ്ധതിയിലാണ് എൽ നിനോ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ലോകമെമ്പാടും വലിയ ആരോഗ്യ പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നത്.
മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം സാധാരണയേക്കാൾ ചൂടാകുന്ന പ്രതിഭാസമാണ് എൽ നിനോ. ഇത് ആഗോളതലത്തിൽ മഴയുടെയും താപനിലയുടെയും ഗതി മാറ്റുന്നു. എൽ നിനോ നേരിട്ട് രോഗങ്ങൾക്ക് കാരണമാകുന്നില്ലെങ്കിലും, രോഗവ്യാപനത്തിനും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ഒരു 'റിസ്ക് മൾട്ടിപ്ലയർ' (ഭീഷണി ഇരട്ടിയാക്കുന്ന ഘടകം) ആയി പ്രവർത്തിക്കുന്നു.
ഡബ്ല്യൂ എച്ച് ഒ, 2026 ഒക്ടോബർ മുതൽ 2027 സെപ്റ്റംബർ വരെയുള്ള കാലയളവിലേക്ക് ഗ്രേഡ് 3 പ്രതികരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ ആറുമാസത്തെ (2026 ഒക്ടോബർ - 2027 മാർച്ച്) പ്രവർത്തനങ്ങൾക്കായി ഏകദേശം 3.5 കോടി ഡോളർ ആവശ്യമായി വരുമെന്ന് ഡബ്ല്യൂ എച്ച് ഒ കണക്കാക്കുന്നു. രോഗനിരീക്ഷണം, പ്രതിരോധം, ചികിത്സ, ഏകോപനം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
ഇന്ത്യയിൽ പ്രധാനമായും താഴെ പറയുന്ന മേഖലകളിലാണ് ആശങ്കയുള്ളത്:
ദീർഘനേരം ഉയർന്ന താപനില ഏൽക്കുന്നത് നിർജ്ജലീകരണം, തളർച്ച, ജീവന് തന്നെ ഭീഷണിയായ സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകും. ഹൃദയ, ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ ഇത് രോഗാവസ്ഥ വഷളാക്കും.
താപനിലയിലെയും മഴയിലെയും മാറ്റങ്ങൾ കൊതുകുകളുടെ പ്രജനനം വർദ്ധിപ്പിക്കും. വരൾച്ച കാരണം വീടുകളിൽ വെള്ളം ശേഖരിച്ചുവെക്കുന്നത് മൂടിവെച്ചില്ലെങ്കിൽ കൊതുകുകൾ പെരുകാൻ ഇടയാക്കും. ഇന്ത്യയിൽ ഡെങ്കിപ്പനി അതിതീവ്ര ഭീഷണിയാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മലേറിയയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മഴയുടെ മാറ്റങ്ങളും വെള്ളപ്പൊക്കവും ശുചിത്വമില്ലായ്മയും മലിനജലവുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കും. ഇത് എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരാൻ കാരണമാകും.
മഴ കുറയുന്നതും വരൾച്ചയും കാർഷിക ഉൽപ്പാദനത്തെ ബാധിക്കും. ഇത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും പോഷകാഹാരക്കുറവിന് കാരണമാകും.
തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ ആശുപത്രികളുടെ പ്രവർത്തനത്തെയും മരുന്ന് വിതരണത്തെയും തടസ്സപ്പെടുത്തിയേക്കാം. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ എന്നിവയ്ക്ക് സ്ഥിരമായി ചികിത്സ തേടുന്നവർക്ക് ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും.
2026-ലെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ സാധാരണയേക്കാൾ കുറവ് മഴയേ ലഭിക്കൂ എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കുറവ് കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും കാരണമാകുമ്പോൾ, പെട്ടെന്നുണ്ടാകുന്ന അതിതീവ്ര മഴയും വെള്ളപ്പൊക്കവും പകർച്ചവ്യാധികൾക്ക് വഴിവെക്കും. അതിനാൽ വരൾച്ചയെയും ചൂടിനെയും മാത്രം കേന്ദ്രീകരിക്കാതെ, ഒരേസമയം ഉണ്ടായേക്കാവുന്ന വിവിധ ആരോഗ്യ ഭീഷണികളെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കേണ്ടതുണ്ട്.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും കുറഞ്ഞ നഗരങ്ങളിലെ ചേരികളിലും ഉൾപ്രദേശങ്ങളിലും താമസിക്കുന്നവർക്കും കർഷകർ, നിർമാണത്തൊഴിലാളികൾ, തെരുവുകച്ചവടക്കാർ തുടങ്ങിയ പുറംജോലികൾ ചെയ്യുന്നവർക്കും ഭീഷണി കൂടുതലാണ്. കൂടാതെ, ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നതും കാലാവസ്ഥാ ദുരന്തങ്ങളും ആളുകളിൽ കടുത്ത മാനസിക സമ്മർദ്ദത്തിനും ഇടയാക്കാം.
പ്രതിസന്ധി ഉണ്ടാകുന്നതിന് മുൻപ് തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്:
കാലാവസ്ഥാ പ്രവചനങ്ങളെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളുമായി സംയോജിപ്പിക്കുക.
ഡെങ്കിപ്പനി, മലേറിയ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക.
ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും, ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികളെ സജ്ജമാക്കുകയും ചെയ്യുക.
ചൂട്, ഭക്ഷ്യ-ജല സുരക്ഷ, കൊതുക് നിയന്ത്രണം, രോഗലക്ഷണങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുക.
പ്രാദേശികമായ മുന്നൊരുക്കങ്ങളും കൃത്യസമയത്തുള്ള ഇടപെടലുകളും വഴി ഈ കാലാവസ്ഥാ പ്രതിഭാസം സൃഷ്ടിക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.







0 comments