ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോ?; രണ്ടാം കരാർ ഓഫറും നിരസിച്ചതായി റിപ്പോർട്

ബ്രൂണോ ഫെർണാണ്ടസ്| Photo: Reuters
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഭാവി അനിശ്ചിതത്വത്തിൽ. കരാർ പുതുക്കുന്നതിനായി ക്ലബ് മുന്നോട്ടുവച്ച രണ്ടാമത്തെ ഓഫറും പോർച്ചുഗീസ് താരം നിരസിച്ചതായാണ് റിപ്പോർട്. ഇതോടെ സീസണിന്റെ അവസാനത്തോടെ താരം ക്ലബ് വിടാനുള്ള സാധ്യതയും ശക്തമായിരിക്കുകയാണ്.
2020 ജനുവരിയിൽ സ്പോർട്ടിങ് ലിസ്ബണിൽനിന്നാണ് ബ്രൂണോ മാഞ്ചസ്റ്ററിലെത്തിയത്. 5.5 കോടി യൂറോ (ഏകദേശം 572 കോടി രൂപ) കൈമാറ്റത്തുകയായി നൽകിയാണ് അഞ്ചര വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കിയത്. പിന്നീട് രണ്ട് വർഷം മുൻപ് കരാർ പുതുക്കിയിരുന്നു. പുതുക്കിയ കരാർ അടുത്ത വേനൽക്കാലത്തോടെ അവസാനിക്കും.
കഴിഞ്ഞ വേനൽക്കാലത്താണ് കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ യുണൈറ്റഡ് ആരംഭിച്ചത്. ക്ലബ് മുന്നോട്ടുവച്ച ആദ്യ ഓഫർ താരം നിരസിച്ചിരുന്നു. പിന്നാലെ നൽകിയ രണ്ടാമത്തെ നിർദേശവും അംഗീകരിച്ചില്ല. ഫെർണാണ്ടസിനെ ഒരു വർഷത്തേക്ക് കൂടി ക്ലബിൽ നിലനിർത്താനുള്ള വ്യവസ്ഥ യുണൈറ്റഡിന്റെ നിലവിലെ കരാറിലുണ്ട്. ഈ വ്യവസ്ഥ പ്രയോജനപ്പെടുത്തിയാൽ കരാർ കാലാവധി നീട്ടാനും ജനുവരി മുതൽ വിദേശ ക്ലബുകളുമായി സ്വതന്ത്രമായി ചർച്ച നടത്താനുള്ള താരത്തിന്റെ അവസരം ഒഴിവാക്കാനും യുണൈറ്റഡിന് കഴിയും.
കഴിഞ്ഞ സീസണിൽ 21 അസിസ്റ്റുകൾ സ്വന്തമാക്കിയ താരം പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും പിഎഫ്എ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഫെർണാണ്ടസിന് ലഭിച്ചു.
സൗദി പ്രോ ലീഗിൽനിന്ന് നേരത്തെയും ഫെർണാണ്ടസിന് വമ്പൻ ഓഫറുകൾ ലഭിച്ചിരുന്നു. അൽ ഹിലാൽ കഴിഞ്ഞ വർഷം മുന്നോട്ടുവച്ച വാഗ്ദാനം താരം നിരസിച്ചിരുന്നു. നിലവിലെ പ്രതിവാര പ്രതിഫലമായ 2.5 ലക്ഷം പൗണ്ട് മൂന്നിരട്ടിയാക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിന് 10 കോടി പൗണ്ട് കൈമാറ്റത്തുകയായി നൽകാനും അൽ ഹിലാൽ തയ്യാറായിരുന്നുവെന്നാണ് റിപ്പോർട്ട്. തുർക്കി ക്ലബ് ഗലാറ്റസറെയും കഴിഞ്ഞ ആഗസ്തിൽ താരത്തിനായി രംഗത്തെത്തിയിരുന്നു.








0 comments