നല്ല സിനിമ നാട്ടിലെത്തേണ്ടെന്ന് സർക്കാർ; ചലച്ചിത്ര അക്കാദമിയുടെ 'ടൂറിങ് ടാക്കീസി'ന് വെട്ട്

എഐ നിർമിത ചിത്രം
തിരുവനന്തപുരം : ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയതടക്കമുള്ള മികച്ച സിനിമകൾ ജനങ്ങളിലേക്കെത്തിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ ‘ടൂറിങ് ടാക്കീസ്’ നിർത്തലാക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായടക്കം നടപ്പാക്കി വരുന്ന പദ്ധതിയാണ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം നിർത്തേണ്ടി വരുന്നത്. മികച്ച സിനിമകൾ ഗ്രാമീണ മേഖലയിലടക്കം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണിത്. രാജ്യാന്തര ചലച്ചിത്രമേള തലസ്ഥാന നഗരത്തിൽ കേന്ദ്രീകരിക്കുമ്പോൾ മറ്റു ജില്ലകളിലുള്ളവർക്കും മികച്ച ചലച്ചിത്രം കാണാൻ ഇതുവഴി അവസരമൊരുങ്ങിയിരുന്നു.
ലോകസിനിമയിലെയും ഇന്ത്യൻ സിനിമയിലെയും മികച്ച ചിത്രങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൂറിങ് ടാക്കീസ് മുഖേന ചലച്ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ അക്കാദമിയുടെ പ്രാദേശിക കേന്ദ്രങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഫിലിം സൊസൈറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രദർശനങ്ങൾ.
ഷാജി എൻ കരുൺ ചെയർമാനായിരിക്കെ തുടങ്ങിയ ‘ജനചിത്ര’യാണ് അടൂർ ഗോപാലകൃഷ്ണന്റെ കാലയളവിൽ ടൂറിങ് ടാക്കീസായത്. ടെമ്പോ ട്രാവലറുകളിൽ അത്യാധുനിക പ്രൊജക്ഷൻ ഉപകരണവും ശബ്ദസംവിധാനവും താൽക്കാലിക സ്ക്രീനുമായി ‘ടാക്കീസ്’ കേരളം ചുറ്റിയപ്പോൾ പഴയ ക്ലാസിക് സിനിമകളടക്കം ജനങ്ങൾക്കരികിലെത്തി. കണ്ണൂരിലും തൃശൂർ സംഗീതനാടക അക്കാദമി വളപ്പിലും പ്രത്യേക പാർക്കിങ് ഒരുക്കി.
അത്യാധുനിക പ്രൊജക്ഷൻ ഉപകരണവും ശബ്ദസംവിധാനവും താൽക്കാലിക സ്ക്രീനും സജ്ജീകരിച്ചായിരുന്നു പ്രദർശനം. ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള മേളകൾക്ക് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണയാത്രയായി ടൂറിങ് ടാക്കീസെത്തിയിരുന്നത് ചലച്ചിത്രപ്രേമികൾക്ക് സാമ്പത്തിക ചെലവില്ലാതെ മികച്ച സിനിമകൾ ആസ്വദിക്കാനുള്ള അവസരമായിരുന്നു.
പ്രദർശനശേഷം ചലച്ചിത്ര നിരൂപകരും പ്രവർത്തകരും പങ്കെടുക്കുന്ന ഓപ്പൺ ഫോറവും ഗൗരവമേറിയ ചർച്ചകൾക്ക് വേദിയൊരുക്കി. കുട്ടികളുടെ ക്യാമ്പ്, ലൈബ്രറി കൗൺസിലിന്റെയും ഫിലിം ക്ലബ്ബുകളുടെയും വിവിധ പരിപാടികൾ എന്നിവിടങ്ങളിലെല്ലാം പ്രദർശനമൊരുക്കി.
ഫിലിം സൊസൈറ്റി മൂവ്മെന്റാണ് ടൂറിങ് ടാക്കീസിന്റെ ആരംഭത്തിന് പ്രചോദകമായത്. രാജ്യത്തെങ്ങുമില്ലാത്ത മാതൃകയൊരുക്കിയ പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ തകർക്കുന്നത്. പുരോഗമനസ്വഭാവമുള്ള പദ്ധതികളെ ഇല്ലാതാക്കി സാംസ്കാരിക മേഖലയിൽനിന്ന് പിന്മാറുകയാണ് സർക്കാർ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് പുതിയ വാഹനം ടൂറിങ് ടാക്കീസിന് ലഭ്യമാക്കിയിരുന്നു.








0 comments