തെലങ്കാനയിൽ ജലസേചന വകുപ്പ് എഞ്ചിനീയറുടെ വസതിയില്‍ റെയ്ഡ്; 25 കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തി

ഹൈദരാബാദ് : തെലങ്കാനയിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ ജലസേചന വകുപ്പ് എഞ്ചിനീയറുടെ വസതിയിൽ നിന്ന് 25 കോടിയോളം വരുന്ന സ്വത്തുക്കൾ കണ്ടെത്തി. ജലസേചന വകുപ്പിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയറായ രാഗിരി സത്യനാരായണയുടെ പത്ത് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. 7 കോടി രൂപ വിലമതിക്കുന്ന 5,200 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര വില്ല, വാനപർത്തി ജില്ലയിൽ 25 ഏക്കർ കൃഷിഭൂമി, ഫാംഹൗസ്, സ്വർണാഭരണങ്ങൾ, ചിട്ടി ഫണ്ടുകളിലും മ്യൂച്വൽ ഫണ്ടുകളിലുമായി 25 ലക്ഷം രൂപയുടെ നിക്ഷേപം എന്നിവയും കണ്ടെത്തി.
നാഗർകുർണൂൽ ജില്ലയിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥനായ സത്യനാരായണയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എസിബി സെൻട്രൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസെടുക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് സ്വത്തുക്കൾ കണ്ടെത്തിയത്. കർമൻഘട്ടിലെ എഞ്ചിനീയറുടെ വസതി, നാഗർകുർണൂലിലെ ഓഫീസ്, കൂടാതെ ഹൈദരാബാദ്, വനപർത്തി, നാഗർകുർണൂൽ എന്നിവിടങ്ങളിലെ ബന്ധുക്കളുടെയും ബിനാമികളുടെയും ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്. സത്യനാരായണയുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളെക്കുറിച്ചും എസിബി അന്വേഷണം നടത്തുന്നുണ്ട്.
കണ്ടെത്തിയ സ്വത്തുക്കളുടെ രേഖാപ്രകാരമുള്ള മൂല്യം 6 കോടി രൂപയാണെങ്കിലും വിപണി മൂല്യം 25 കോടിയിലധികം വരുമെന്നും സ്വത്തുക്കളുടെ മൂല്യനിർണയം തുടരുകയാണെന്നും എസിബി ഉദ്യോഗസ്ഥർ അറിയിച്ചു. 2005 ൽ സർക്കാർ സർവീസിൽ പ്രവേശിച്ച സത്യനാരായണയുടെ ഭാര്യ വിദ്യുതും എഞ്ചിനീയറാണ്. പരിശോധനകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജുഡീഷ്യൽ റിമാൻഡിനായി വെള്ളിയാഴ്ച നാംപള്ളിയിലെ എസിബി പ്രത്യേക കോടതിയിൽ ഹാജരാക്കും.








0 comments