Deshabhimani

പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി

savitha
വെബ് ഡെസ്ക്

Published on Nov 13, 2026, 03:07 PM | 1 min read

കോഴിക്കോട്: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി സവിത (42) ആണ് മരിച്ചത്. വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികളിലേക്ക് കടന്നിരുന്നു.


സവിതയും ഭർത്താവ് ബാബുവും ചേർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നും വീടും സ്ഥലവും ഈടുനൽകി 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ 5 ലക്ഷം രൂപയോളം ഇവർ തിരിച്ചടച്ചിരുന്നു. എന്നാൽ പലിശയടക്കം നിലവിൽ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി മാറിയെന്നാണ് വിവരം.


വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസവും സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ലെന്നാണ് വിവരം. ജപ്തി നടപടികൾ ആരംഭിക്കാനിരിക്കെയാണ് കടുംകൈ ചെയ്തത്.


സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് ബാബു ജോലിക്കും, രണ്ട് പെൺമക്കൾ പഠിക്കാനുമായി പോയ സമയത്താണ് സവിതയെ പഴയ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളിൽ ഒരാൾ കോളേജ് വിദ്യാർഥിനിയും മറ്റൊരാൾ ഹൈസ്കൂൾ വിദ്യാർഥിനിയുമാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home