അമിത വേഗതയിലെത്തി സ്കൂട്ടർ; സ്പീഡ് ബ്രേക്കറിൽ കയറി വായുവിലേക്ക് ഉയർന്നുപൊങ്ങി, ദൃശ്യങ്ങൾ

ഗ്രേറ്റർ നോയിഡ: അടയാളപ്പെടുത്താത്ത സ്പീഡ് ബ്രേക്കറിൽ കയറി സ്കൂട്ടർ വായുവിലേക്ക് ഉയർന്നുപൊങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പിന്നാലെ വന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് ഈ അപകടദൃശ്യങ്ങൾ പതിഞ്ഞത്. ഗ്രേറ്റർ നോയിഡ വെസ്റ്റ് ലിങ്ക് റോഡിലൂടെ സാധാരണ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ പെട്ടെന്ന് മുകളിലേക്ക് തെറിച്ചുയരുകയായിരുന്നു. സ്കൂട്ടറിന്റെ ചക്രങ്ങൾ റോഡിൽ നിന്ന് ഉയർന്നുപൊങ്ങുന്നതും, പിന്നിലിരുന്ന യാത്രക്കാരൻ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.
റോഡ് നിർമിച്ച അതേ കറുത്ത ടാർ മിശ്രിതം ഉപയോഗിച്ച് തന്നെയാണ് ഈ സ്പീഡ് ബ്രേക്കറും നിർമിച്ചിരിക്കുന്നത്. ഇതിൽ വെളുത്ത റിഫ്ലക്ടീവ് പെയിന്റ് വരകളോ ക്യാറ്റ്സ്-ഐ റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ പോലും ഇത് തിരിച്ചറിയാൻ സാധിക്കില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക റസിഡന്റ് ഗ്രൂപ്പുകൾ എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച ദൃശ്യങ്ങൾ വലിയ ചർച്ചയായിട്ടുണ്ട്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയെയും നോയിഡ ട്രാഫിക് പൊലീനെയും ടാഗ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
അപകടസാധ്യതയുള്ള മേഖലകളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനാണ് സ്പീഡ് ബ്രേക്കറുകൾ നിർമിക്കുന്നത്. എന്നാൽ കൃത്യമായ അടയാളങ്ങളില്ലാത്തവ വലിയ അപകടമുണ്ടാക്കും. മണിക്കൂറിൽ 40 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ ഇത്തരം ഹമ്പുകളിൽ കയറുമ്പോൾ സസ്പെൻഷൻ തകരാറിലാകാനും സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടാനും യാത്രക്കാർക്ക് കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേൽക്കാനും സാധ്യതയുണ്ട്. ഇരുചക്രവാഹന യാത്രികർക്കാണ് ഇത് ഏറ്റവും വലിയ ഭീഷണിയാകുന്നത്.








0 comments