ട്രെയിനുകളിലെ ആർഎസി സംവിധാനം നിർത്തലാക്കാൻ റെയിൽവേ; പുതിയ മാറ്റങ്ങൾ

ന്യൂഡൽഹി: ട്രെയിൻ യാത്രകളിലെ റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ (RAC) സമ്പ്രദായം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ ഇന്ത്യൻ റെയിൽവേ. രണ്ട് യാത്രക്കാർക്ക് ഒരൊറ്റ ബെർത്ത് നൽകുകയും, കിടക്കാൻ പകുതി സ്ഥലം മാത്രം ലഭിക്കുമ്പോഴും ഇരുവരിൽ നിന്നും മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കുകയും ചെയ്യുന്ന നിലവിലെ രീതിക്കെതിരെ വിമർശനമുയർന്നതിനെ തുടർന്നാണ് നടപടി.
ടിക്കറ്റ് ബുക്കിംഗ് മാനുവലായി ചെയ്തിരുന്ന കാലത്താണ് അവസാന നിമിഷത്തെ ക്യാൻസലേഷനുകൾ മൂലം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ ആർഎസി കൊണ്ടുവന്നത്. കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സംവിധാനം വന്നതോടെ ഒഴിവുള്ള ബെർത്തുകൾ തത്സമയം കണ്ടെത്താൻ കഴിയുമെന്നതിനാൽ ഈ പഴയ രീതി തുടരണോ എന്നാണ് റെയിൽവേ പരിശോധിക്കുന്നത്.
ആർഎസി പൂർണമായും നിർത്തലാക്കി, റിസർവേഷൻ ഉള്ള എല്ലാവർക്കും പ്രത്യേക ബെർത്ത് ഉറപ്പാക്കുക (പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്), ബെർത്ത് പങ്കിടേണ്ടി വരുന്ന യാത്രക്കാരിൽ നിന്ന് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുക, ക്യാൻസലേഷൻ വഴി ഒഴിവുവരുന്ന ബെർത്തുകൾ കൂടുതൽ കാര്യക്ഷമമായി അപ്‌ഗ്രേഡ് ചെയ്ത് നൽകുക തുടങ്ങിയ മാറ്റങ്ങളും റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
നിലവിൽ കൺഫേം ടിക്കറ്റിനും വെയിറ്റിംഗ് ലിസ്റ്റിനും ഇടയിലുള്ള സംവിധാനമാണ് ആർഎസി. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവർക്ക് റിസർവ്ഡ് കോച്ചുകളിൽ കയറാൻ അനുമതിയില്ലാത്തപ്പോൾ, ആർഎസി യാത്രക്കാർക്ക് ട്രെയിനിൽ യാത്ര ചെയ്യാനുള്ള നിയമപരമായ അവകാശമുണ്ട്. ആർഎസി നിർത്തലാക്കുന്നത് യാത്രാസൗകര്യം വർധപ്പിക്കുമെങ്കിലും, തിരക്കേറിയ റൂട്ടുകളിൽ ലഭ്യമാകുന്ന ആകെ ടിക്കറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയേക്കാം. വിഷയത്തിൽ റെയിൽവേ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
പൂർണമായ ബെർത്ത് നൽകാതെ യാത്രക്കാരിൽ നിന്ന് മുഴുവൻ നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. ഒന്നുകിൽ യാത്രക്കാർക്ക് പൂർണ്ണ ബെർത്ത് നൽകുക, അല്ലെങ്കിൽ ബെർത്ത് പങ്കിടേണ്ടി വരുന്നവർക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരികെ നൽകാൻ (റീഫണ്ട്) സംവിധാനം ഒരുക്കുക എന്നീ നിർദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവെച്ചത്. ഒരു പുരുഷനും സ്ത്രീക്കും ഒരേ ബെർത്ത് അനുവദിക്കേണ്ടി വരുമ്പോൾ യാത്രക്കാർക്ക് വലിയ അസൗകര്യമുണ്ടാകാറുണ്ട്. തിരക്കേറിയ ട്രെയിനുകളിൽ ഇവർക്ക് പകരം സീറ്റ് കണ്ടെത്തി നൽകുന്നത് ടിടിഇമാർക്കും വലിയ തലവേദനയാകാറുണ്ട്.







0 comments