print edition സംസ്ഥാന സർക്കാരിന് തിരിച്ചടി; ‘നോ ക്യാപ്’ ഫെയ്‌സ്ബുക്ക് പേജ് പുനഃസ്ഥാപിക്കണം: ഹെെക്കോടതി

കൊച്ചി: മലയാളം ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമായ ‘നോ ക്യാപ്പി’ന്റെ ഫെയ്‌സ്ബുക്ക് പേജ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നൽകിയ നിർദേശത്തെ തുടർന്ന് മെറ്റ പൂട്ടിയ പേജാണ് പുനഃസ്ഥാപിക്കാൻ ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഉത്തരവിട്ടത്.
സെപ്‌തംബർ 28നാണ് പേജ് വിലക്കിയത്. കേന്ദ്ര, സംസ്ഥാന സർക്കാരിന്റെയോ പൊലീസിന്റെയോ നിർദേശപ്രകാരം ഇന്ത്യയിൽ പേജിലെ ഉള്ളടക്കം തടസ്സപ്പെടുത്തുകയാണെന്ന അറിയിപ്പ് ലഭിച്ചപ്പോൾ നോ ക്യാപ് ചീഫ് എഡിറ്റർ കെ ഹൈദർ അലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പേജ് വിലക്കാനുള്ള ഉത്തരവിന്റെ പകർപ്പോ വിശദാംശങ്ങളോ ലഭിച്ചില്ലെന്നും നിയമവിരുദ്ധപ്രവർത്തനം നടത്തിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ നൽകിയ പരാതിയിലാണ് പേജ് വിലക്കിയതെന്ന് മെറ്റ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പേജ് വിലക്കാൻ മെറ്റയ്ക്ക് നിർദേശം നൽകിയിട്ടില്ലെന്നും ചില പോസ്റ്റുകളിലെ കമന്റുകൾ നീക്കാനാണ് നിർദേശിച്ചതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് പൊലീസ് നീക്കാൻ നിർദേശിച്ച കമന്റുകൾ ഒഴിവാക്കിയശേഷം പേജ് പ്രവർത്തിപ്പിക്കാമെന്ന് കോടതി നിർദേശിച്ചത്.









0 comments