കേരളത്തിലെ എയിംസ്: കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി; ഫെബ്രുവരി 25-നകം മറുപടി നൽകണം

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ അടിയന്തരമായി സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ എയിംസിനായി നിർദേശിച്ച സ്ഥലം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു.
ഇത് സംബന്ധിച്ച റിപ്പോർട്ട് ഫെബ്രുവരി 25-നകം രേഖാമൂലം സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടത്.
കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. എയിംസിനായി സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കാസർകോട് ജില്ലയിൽ 25,000 ഏക്കറോളം റവന്യൂ ഭൂമി ലഭ്യമാണെന്നും അവിടെ എയിംസ് അനുവദിക്കണമെന്നുമാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.










0 comments