print edition ശബരിമല: മാറ്റമില്ലാത്ത ഉദ്യോഗസ്ഥരെക്കുറിച്ച് വിശദീകരണം തേടി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരായ ഒ ജി ബിജു, എസ് ശ്രീനിവാസ് എന്നിവർ ദീർഘനാളായി വിവിധ തസ്തികകളിൽ ശബരിമലയിൽ തുടരുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. ഇവർക്ക് ഇതിനുള്ള പ്രത്യേക നൈപുണ്യമെന്തെങ്കിലും ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. കോടതിയുടെ അനുമതിയില്ലാതെ ഇവർക്ക് കാലാവധി നീട്ടി നൽകിയിട്ടുണ്ടോയെന്നും വ്യക്തമാക്കണം.
നിലവിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറാണ് ഒ ജി ബിജു. 2023ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിതനായ ഇദ്ദേഹം വിജിലൻസ് ഓഫീസർ, ഡെപ്യൂട്ടി ദേവസ്വം കമീഷണർ (ഇൻസ്പെക്‌ഷൻ), ഡെപ്യൂട്ടി ദേവസ്വം കമീഷണർ (ഡിജിറ്റൈസേഷൻ) എന്നീ നിലകളിലും പ്രവർത്തിച്ചു. 2022ൽ മെയിൻ സ്റ്റോർ സൂപ്രണ്ടായി എത്തിയ ശ്രീനിവാസ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. അസി. ഓഡിറ്റ് ഓഫീസർ, അസി. എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലും ജോലി ചെയ്തിരുന്നു.
അഷ്ടാഭിഷേകത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയാണ് ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.
ശബരിമലയിലെ വഴിപാടുകളുടെ 10 വർഷത്തെ കണക്ക് വിശദമായി പരിശോധിക്കാൻ നേരത്തേ സംസ്ഥാന ഓഡിറ്റ് ഡയറക്ടറോട് കോടതി നിർദേശിച്ചിരുന്നു.










0 comments