കീം ഫലം റദ്ദാക്കി, റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള എൻജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി റദ്ദാക്കി. മാർക്ക് ഏകീകരണം ചോദ്യംചെയ്ത ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കോടതി നടപടിയിൽ അടിയന്തര അപ്പീലുമായി സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.
സിബിഎസ്ഇ സിലബസിൽ പ്ലസ്ടു വിജയിച്ച വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹർജി നൽകിയത്. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ഹർജിയിൽ പറയുന്നു. പരീക്ഷാ പ്രോസ്പെക്ടസിലെ നിർദേശത്തിനുവിരുദ്ധമാണ് പുതിയ സമവാക്യമെന്നും ചൂണ്ടിക്കാട്ടി.
എൻട്രൻസ് പരീക്ഷയ്‌ക്കും പ്ലസ്ടുവിനും ലഭിച്ച മാർക്കുകൾ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. മുൻ സമവാക്യപ്രകാരം തയ്യാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടർന്നാണ് മാർക്ക് കുറയാത്തരീതിയിൽ പുതിയ സമവാക്യം സർക്കാർ കൊണ്ടുവന്നത്.
പ്ലസ്ടുമാർക്കും പ്രവേശന പരീക്ഷാ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റുനില നിശ്ചയിക്കുക. പുതിയ വ്യവസ്ഥ പ്രോസ്‌പെക്ടസിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ പ്രവേശന നടപടിയുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റാണെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.








0 comments