നാലുവർഷം ; 7000 കോടിയുടെ സൗജന്യ ചികിത്സ നൽകി കേരളം

തിരുവനന്തപുരം : നാലുവർഷത്തിൽ 30ലക്ഷം പേർക്ക് 7000 കോടി രൂപയുടെ സൗജന്യചികിത്സ നൽകി കേരളം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ പതിനായിരംപേർ ചികിത്സയിലുള്ള സാഹചര്യത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നത്. അതെല്ലാം തരണംചെയ്‌താണ് ഈ നേട്ടം.
ഇന്ന് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി കിഫ്ബി ധനസഹായത്തോടെ പതിനായിരം കോടിയിലധികം രൂപയുടെ വികസന പ്രവർത്തനമാണ് നടക്കുന്നത്. കൂടുതൽ സൗജന്യ ചികിത്സ നൽകിയതിന് ആരോഗ്യ മന്ഥൻ പുരസ്കാരം തുടർച്ചയായ മൂന്നുവർഷം കേരളം സ്വന്തമാക്കി. 40 ലക്ഷംവരെ ചെലവുവരുന്ന അവയവമാറ്റ ശസ്‌ത്രക്രിയകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആരംഭിച്ചതും ഇക്കാലയളവിലാണ്. സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് ശസ്‌ത്രക്രിയ വിഭാഗവും കുട്ടികൾക്കായി പ്രത്യേക സൗകര്യവും ഉറപ്പാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തെ മികവിന്റെ കേന്ദ്രമായി ഉയർത്തി. എസ്എടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ മികവിന്റെ കേന്ദ്രമായും ഉയർത്തിയിരുന്നു. ഇതിലൂടെ നിരവധിപേർക്ക് സൗജന്യമരുന്നും ചികിത്സയും നൽകാനായി. ഇതുവരെ 202 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യുഎഎസ് ലഭിച്ചു. അർബുദരോഗ പ്രതിരോധത്തിനായി ആവിഷ്‌കരിച്ച ആരോഗ്യംആനന്ദം- അകറ്റാംഅർബുദം ക്യാമ്പയിനും കേരളത്തിന് വലിയ അംഗീകാരം നേടിതന്നു. ഹൃദ്യം പദ്ധതിയിലൂടെ 7854 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി.
സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകൾ സൗജന്യമായോ മിതമായ നിരക്കിലോ സർക്കാർ മേഖലയിൽ നൽകുന്നത് ലക്ഷക്കണക്കിന് രോഗികൾക്ക് ഗുണം ചെയ്യുന്നു.
ദേശീയ സ്റ്റാറ്റിറ്റിക്സ് സർവേ പ്രകാരം പത്തുവർഷം മുമ്പ് സംസ്ഥാനത്ത് ഒരാൾക്ക് വഹിക്കേണ്ട ചികിത്സാച്ചെലവ് ഇന്ന് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇങ്ങനെ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള വിപുലമായ ആരോഗ്യപരിപാലന ശൃംഖല അതിന് തെളിവാണ്.









0 comments