print edition വിചിത്ര ഉത്തരവുകളുമായി ആരോഗ്യവകുപ്പ്; സ്ഥലംമാറ്റത്തിനൊപ്പം തസ്തിക വെട്ടലും

തിരുവനന്തപുരം: ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കൊപ്പം സുപ്രധാന തസ്തികകളും വെട്ടി ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെ വിചിത്ര ഉത്തരവുകൾ. ഭരണാനുകൂല സംഘടനകളുടെ ഇടപെടലിലാണ് തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥരെ തസ്തികകളോടെ വയനാടേക്ക് മാറ്റിയത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ വികസനം ഏകോപിപ്പിക്കേണ്ട പ്ലാനിങ് ഓഫീസർ തസ്തികയിലുള്ളയാൾക്ക് അനുയോജ്യമായ ഒഴിവുകൾ മറ്റ് ജില്ലകളിൽ ലഭിക്കാതിരുന്നതോടെയാണ് വ്യക്തിയെ മാറ്റാൻ തസ്തികതന്നെ മാറ്റിയത്.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലും ആശുപത്രിയിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹെൽത്ത് സൂപ്പർവൈസർ ബി വികാസിനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മഞ്ചേരിയിൽ കമ്യൂണിറ്റി മെഡിസിൻ വിദ്യാർഥികളെ ഫീൽഡിൽ കൊണ്ടുപോകാനും ഹൗസ് കീപ്പിങ് ശക്തിപ്പെടുത്താനും ഹെൽത്ത് സൂപ്പർവൈസറുടെ സേവനം ആവശ്യമാണെന്നാണ് ഉത്തരവിലെ വിശദീകരണം.
ഫീൽഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കമ്യൂണിറ്റി മെഡിസിനിലെ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗമാണെന്നിരിക്കെയാണ് വിചിത്ര ഉത്തരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ അമ്പതോളം വിദ്യാർഥികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരിക്കെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടയാളെ മാറ്റിയത്.
തിരുവനന്തപുരം ഗവ. ദന്തൽ കോളേജിലെ സീനിയർ ഗ്രേഡ് സാർജന്റ് പി അനിൽകുമാറിനെയും രാഷ്ട്രീയപ്രേരിതമായി മഞ്ചേരിയിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന് മെയ് 30ന് ആരോഗ്യമന്ത്രി ഭീഷണിമുഴക്കിയിരുന്നു.










0 comments