കേരളം അടിസ്ഥാന വികസന മേഖലയിൽ ഒരുപാട് ദൂരം മുന്നേറി: മന്ത്രി സജി ചെറിയാൻ

saji cherian
വെബ് ഡെസ്ക്

Published on Mar 21, 2025, 08:55 PM | 1 min read

തിരുവനന്തപുരം : അടിസ്ഥാന വികസന മേഖലയിൽ സംസ്ഥാനം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേരളം വലിയ രീതിയിൽ മാറുകയാണ്. ആരോഗ്യം, പൊതു വിദ്യാഭ്യാസം, റോഡ്, ഉന്നത വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നടക്കുകയാണ്. ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക നിലവാരത്തില്‍ നിർമിക്കുന്ന നിലയ്ക്കാമുക്ക്, വക്കം-മങ്കുഴി മത്സ്യ മാർക്കറ്റുകളുടെ നവീകരണ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


മത്സ്യ മാർക്കറ്റുകളിൽ പണിയെടുക്കുന്നവർക്ക് വരുമാനം വർദ്ധിപ്പിക്കുകയും ഗുണമേന്മയുള്ള ശുചിത്വവും ഉള്ള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയുമാണ് മാർക്കറ്റ് നവീകരണത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വക്കം-മങ്കുഴി മത്സ്യമാര്‍ക്കറ്റില്‍ 391.31 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഒരു നില കെട്ടിടത്തില്‍ 18 മത്സ്യ വില്‍പ്പന സ്റ്റാളുകളും എട്ട് കടമുറികളും രണ്ട് കോള്‍ഡ് സ്റ്റോറേജ് മുറികളും മൂന്ന് ബുച്ചര്‍ സ്റ്റാളുകള്‍, പ്രിപ്പറേഷന്‍ മുറി, ഫ്രീസര്‍ മുറി, സ്റ്റോര്‍, ശുചിമുറികള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.


നിലയ്ക്കാമുക്ക് മത്സ്യമാര്‍ക്കറ്റില്‍ 439 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഒരു നില കെട്ടിടത്തില്‍ 15 മത്സ്യ വില്‍പ്പന സ്റ്റാളുകള്‍, 5 കടമുറികള്‍, 3 ബുച്ചര്‍ സ്റ്റാളുകള്‍, പ്രിപ്പറേഷന്‍ മുറി, ഫ്രീസ്റ്റര്‍ മുറി, ദിവസ കച്ചവടക്കാര്‍ക്കായുള്ള സ്ഥലം ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ രണ്ട് വിപണന സ്റ്റാളുകളിലും സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളികള്‍, സിങ്കുകള്‍, ഡ്രയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവയും സജ്ജമാക്കും. കൂടാതെ മാലിന്യ സംസ്‌കരണത്തിനായി എഫ്‌ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനവും ഒരുക്കും. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയുന്ന വിധത്തിലാണ് മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


വക്കം പഞ്ചായത്തിലെ മങ്കുഴി, നിലയ്ക്കാമുക്ക് എന്നിവിടങ്ങളില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി കിഫ്ബി ഫണ്ടില്‍ നിന്ന് യഥാക്രമം ഒരു കോടി 95 ലക്ഷം, ഒരു കോടി 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് മാര്‍ക്കറ്റുകള്‍ നിര്‍മിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home