print edition ഹജ്ജ് കമ്മിറ്റിയിൽ ഇല്ലാത്ത തസ്‌തികയിൽ ലീഗ് നേതാവിന് നിയമനം

പ്രതീകാത്മക ചിത്രം
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഇല്ലാത്ത തസ്‌തികയിൽ മുസ്ലിംലീഗ് നേതാവിന് അനധികൃത നിയമനം. അസിസ്‌റ്റന്റ് സെക്രട്ടറി തസ്‌തികയിലാണ് നിലവിൽ കലിക്കറ്റ് സർവകലാശാല ഉദ്യോഗസ്ഥനും ലീഗ് സർവീസ് സംഘടനാ നേതാവുമായ മുജീബ് റഹ്‌മാനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചത്.
സ്ഥിരം തസ്‌തികയല്ലാത്തതിനാൽ ഇതിൽ ഡെപ്യൂട്ടേഷൻ നിയമനം സാധ്യമല്ല. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി എൻ ഷംസുദ്ദീൻ ഇടപെട്ടാണ് പ്രത്യേക ഉത്തരവിറക്കിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നാല് ക്ലർക്ക്, പ്യൂൺ, ടൈപ്പിസ്‌റ്റ് തസ്‌തികയാണുള്ളത്. സർക്കാർ സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറിക്ക് സമാന പദവിയിലുള്ളവരാണ് സിഇഒ ആകുക. നിലവിൽ മലപ്പുറം കലക്‌ടറാണ് സിഇഒർ. മറ്റ് ആറ് തസ്‌തികയിലേ ഡെപ്യൂട്ടേഷൻ നിയമനം സാധ്യമാകൂ.
അസി. സെക്രട്ടറി തസ്‌തികയിൽ 35,000 രൂപ ഓണറേറിയം നൽകി ഒരു വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുകയാണ് പതിവ്. നിലവിൽ കലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസറായ മുജീബ് റഹ്‌മാന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനമെന്നതിനാൽ തത്തുല്യ ശമ്പളം നൽകണം.
സ്ഥിരം തസ്‌തികയല്ലാത്തതിനാൽ സർക്കാർ ശമ്പളം ലഭിക്കില്ല. ഹജ്ജ് കമ്മിറ്റിക്കുള്ള ബജറ്റ് വിഹിതം വകമാറ്റി ചെലവഴിക്കേണ്ടിവരും. അല്ലെങ്കിൽ പുതിയ തസ്‌തിക സൃഷ്ടിക്കണം. ഇതിനിടെയാണ് ഇല്ലാത്ത തസ്‌തികയിൽ നിയമനം നടത്തി പൊതുഭരണവകുപ്പ് (ന്യൂനപക്ഷ വിഭാഗം) ഉത്തരവിറക്കിയത്.
സർവകലാശാലയിലെ ലീഗ് അനുകൂല സംഘടനയായ സോളിഡാരിറ്റി ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് മുൻ സെക്രട്ടറിയാണ് മുജീബ് റഹ്‌മാൻ. മലപ്പുറം കലക്‌ടറുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നാണ് ഉത്തരവിൽ. എന്നാൽ, സർക്കാർ ഉത്തരവനുസരിച്ചാണ് നിയമനമെന്ന് കലക്ടർ വിനയ് ഗോയൽ ‘ദേശാഭിമാനി’യോട് പ്രതികരിച്ചു.










0 comments