Deshabhimani

റിയാദ് വിമാനത്താവളം അടച്ചു; കേരളത്തിൽ നിന്നുള്ള ചില ഗൾഫ് സർവീസുകൾ റദ്ദാക്കി

etihad airways
വെബ് ഡെസ്ക്

Published on Oct 13, 2026, 11:22 AM | 2 min read

തിരുവനന്തപുരം : സൗദിയിൽ ഹൂതി ആക്രമണം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ തടസപ്പെട്ടു. സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിലേക്കും ഖത്തറിലെ ദോഹ, യുഎഇയിലെ റാസ്-അൽ-ഖൈമ എന്നിവിടങ്ങളിലേക്കുമുള്ള ചില സർവീസുകളാണ് റദ്ദാക്കിയത്. ഒക്ടോബർ 11 മുതൽ 13 വരെയുള്ള മൂന്ന് ദിവസത്തിനിടെ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള പത്ത് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 5 സർവീസുകൾ ആകാശ എയറിന്റേതാണ്. യാത്രക്കാർ വിമാനങ്ങളുടെ പുതുക്കിയ സമയവിവരം നിരന്തരം പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു.


യെമനിലെ ഹൂതി വിമതർ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനു പിന്നാലെയാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം വന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം ഒക്ടോബർ 17 വരെ നിർത്തിവെച്ചിട്ടുണ്ട്. ഇതോടെ രാജ്യാന്തര വിമാനക്കമ്പനികളും സർവീസുകളിൽ മാറ്റങ്ങൾ വരുത്തി.


സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് റിയാദ്, ദമ്മാം നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അബുദാബിയിൽനിന്ന് റിയാദിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് സർവീസുകൾ ഒക്ടോബർ 19 വരെ റദ്ദാക്കിയിട്ടുണ്ട്. ജിദ്ദ, ദമ്മാം റൂട്ടുകളിലെ ചില സർവീസുകളും ഏതാനും ദിവസത്തേക്ക് റദ്ദാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


കൊച്ചിയിൽ നിന്ന് റദ്ദാക്കിയ സർവീസുകൾ


ഫ്ലൈനാസ്: കൊച്ചി–റിയാദ് റൂട്ടിലെ സർവീസുകൾ

എയർ ഇന്ത്യ എക്സ്പ്രസ്: കൊച്ചി–ദോഹ റൂട്ടിലെ സർവീസുകൾ

ആകാശ എയർ: റിയാദ്, ജിദ്ദ റൂട്ടുകളിലെ സർവീസുകൾ

ഇൻഡിഗോ: കൊച്ചി–റസൽഖൈമ സർവീസ്


കോഴിക്കോട് വിമാനത്താവളത്തിലും സർവീസ് തടസപ്പെടും


കോഴിക്കാട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള റിയാദ് സർവീസുകളെയും നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കോഴിക്കോട് നിന്ന് റിയാദിലേക്ക് പോകേണ്ട മൂന്ന് വിമാനങ്ങളും, റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള മൂന്ന് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇതിൽ സൗദിയ, ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഉൾപ്പെടുന്നു.


യാത്രക്കാർ ശ്രദ്ധിക്കാൻ


വിമാന സർവീസുകളുടെ സ്ഥിതിയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശമുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് സർവീസ് കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതും റദ്ദാക്കലോ സമയമാറ്റമോ ഉണ്ടായാൽ ബന്ധപ്പെട്ട വിമാനക്കമ്പനിയുമായി ബന്ധപ്പെടുന്നതും അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകളിലെ നിയന്ത്രണങ്ങൾ മാറിയേക്കാം. അതിനാൽ നിലവിൽ റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്ത സർവീസുകളുടെ വിവരങ്ങൾ യാത്രയ്ക്കുമുമ്പ് വീണ്ടും സ്ഥിരീകരിക്കേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home