ഗാർഹിക സിലിണ്ടറുകൾ വ്യാപാര ആവശ്യത്തിന് ഉപയോഗിച്ചാൽ പണി കിട്ടും; കർശന നടപടിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾ നിയമവിരുദ്ധമായി വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിയുമായി സർക്കാർ. ഇത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കാൻ മന്ത്രി ജി ആർ അനിൽ ഉത്തരവിട്ടു.
ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കുറഞ്ഞ നിരക്കിലുള്ള ഗാർഹിക സിലിണ്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നീക്കം. ഇത്തരത്തിൽ സിലിണ്ടറുകൾ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഗ്യാസ് കണക്ഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടത്തും. സിലിണ്ടറുകൾ അനധികൃതമായി കൈമാറ്റം ചെയ്യുന്ന ഏജൻസികൾക്കെതിരെയും നടപടിയുണ്ടാകും.
സബ്സിഡി നിരക്കിൽ സാധാരണക്കാർക്ക് ലഭിക്കേണ്ട ഇന്ധനം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലൂടെ വിപണിയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച പരാതികൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ കൺട്രോൾ റൂമിൽ അറിയിക്കാവുന്നതാണ്.










0 comments