സ്വകാര്യ സര്‍വകലാശാല ബില്‍ ; മൂന്നുമാസം , ഒപ്പിടാതെ ഗവർണർ

ആന്‍സ് ട്രീസ ജോസഫ്
Published on Jul 07, 2025, 03:22 AM | 1 min read
തിരുവനന്തപുരം
സ്വകാര്യ സർവകലാശാല ബില്ലിൽ മൂന്നുമാസമായിട്ടും ഒപ്പിടാതെ ഗവർണർ. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾക്ക് കേന്ദ്രം അനുമതി നൽകുമ്പോഴാണിത്. ബിൽ രാഷ്ട്രപതിക്ക് അയക്കാനും സാധ്യത. ബില്ലിന് ഉടൻ അംഗീകാരം നൽകിയാലെ അടുത്ത അധ്യയന വർഷം സർവകലാശാലകൾ ആരംഭിക്കാനാകൂ. 27 സംസ്ഥാനങ്ങളിലായി 510 സർവകലാശാലയും 128 ഡീംഡ് സർവകലാശാലയും പ്രവർത്തിക്കുന്നുണ്ട്. ഈ ലോബിയെ സഹായിക്കാനുള്ള മെല്ലെപ്പോക്കാണിതെന്ന ആരോപണമുണ്ട്.
കേരളത്തിലെ ചെറിയൊരു ശതമാനം വിദ്യാർഥികൾ തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്വകാര്യ, ഡീംഡ് സർവകലാശാലകളെ ആശ്രയിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂൺ മുളയ്‌ക്കുന്നത് പോലെയാണ് ഇവ തുടങ്ങുന്നത്.
ഉത്തർപ്രദേശിൽ ഈ മാസം രണ്ടെണ്ണം ആരംഭിച്ചു. അവയിൽനിന്നെല്ലാം വ്യത്യസ്തമായി സാമൂഹ്യനീതിയിൽ അധിഷ്ഠിതവും എസ്-സി, എസ്ടി സംവരണവും ഉറപ്പാക്കിയാണ് കേരളം സ്വകാര്യ സർവകലാശാല നയം തീരുമാനിച്ചത്. ബിൽ അംഗീകരിച്ചാൽ മാത്രമെ ചട്ടം അന്തിമമാക്കാനാകൂ. നിലവിൽ താൽപര്യമറിയിച്ചിട്ടുള്ള സർവകലാശാലകളിൽ നിന്ന് അപേക്ഷ സ്വീകരിക്കണമെങ്കിലും ബിൽ അംഗീകരിക്കണം. തുടർന്ന് സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ച് വിശദ റിപ്പോർട്ട് നൽകണം. തുടർന്നുവേണം അക്കാദമിക പ്രവർത്തനം നടത്താൻ. നിലവിൽ കേരളത്തിൽ സർവകലാശാല തുടങ്ങാൻ താൽപര്യമറിയിച്ച സ്ഥാപനങ്ങളും ആശങ്കയിലാണ്. മാർച്ച് 25നാണ് നിയമസഭയിൽ സ്വകാര്യ സർവകലാശാല ബിൽ പാസാക്കി ഗവർണർക്ക് അയച്ചത്.










0 comments