print edition സമ്പൂർണ വിധേയത്വം; സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടാൻ യുഡിഎഫ് സർക്കാരിന്റെ ഉത്തരവ്

പി ആർ ചന്തു കിരൺ
Published on Aug 09, 2026, 02:37 AM | 1 min read
തിരുവനന്തപുരം : ദേശീയഗീതമായ വന്ദേമാതരം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പൂർണമായും ആലപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് മോദി സർക്കാരിനെയും ആര്‍എസ്എസിനെയും പ്രീണിപ്പിക്കാന്‍. വന്ദേമാതരം മുഴുവനും പാടണമെന്ന് കേന്ദ്ര നിർദേശം ഇല്ലെന്നിരിക്കെയാണ് സംസ്ഥാനത്തിന്റെ ഉത്തരവ്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് തള്ളിയാണ് യുഡിഎഫ് സർക്കാർ സംഘപരിവാർ ദാസ്യം വീണ്ടും പരസ്യമാക്കിയത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായി തയ്യാറാക്കിയ ക്വിസിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന വ്യക്തി വി ഡി സവർക്കാറാണെന്ന ചോദ്യം വന്നതും ഇതിന്റെ തുടർച്ചയാണ്. യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ സന്പൂർണ ആർഎസ്‌എസ് വിധേയത്വമാണ് വ്യക്തമാക്കുന്നത്.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്‌വാളിന് നൽകിയ കത്തിലാണ് വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിർദേശിച്ചത്. ഇതുപ്രകാരം തദ്ദേശഭരണ വകുപ്പും ഉത്തരവിറക്കി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്നും വന്ദേമാതരം പാടണമെന്നും ജൂലൈ 14ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് സെക്രട്ടറി വിവേക് അഗർവാൾ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ നിർദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഒരുപടികൂടികടന്ന് യുഡിഎഫ് സർക്കാരിന്റെ ആർഎസ്‌എസ് പ്രീണനം. സർക്കാരിന്റെ സത്യപ്രതിജ്ഞാവേളയിലും വന്ദേമാതരം പൂർണമായി പാടിയിരുന്നു. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽപ്പോലും വന്ദേമാതരം മുഴുവൻ ആലപിച്ചില്ല.
ജന്തർമന്തറിലെ യുവജനപ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിച്ചുള്ള പ്രകടനങ്ങളുടെ പേരിൽ കേസുകളെടുത്ത ഏക എൻഡിഎ ഇതര സംസ്ഥാനവും കേരളമായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണ നീക്കങ്ങളിലും യുഡിഎഫ് മൗനത്തിലാണ്. സർവകാലാശാല വൈസ് ചാൻസലർമാരായും സിൻഡിക്കറ്റ് അംഗങ്ങളായും സംഘപരിവാറുകാരെ ഗവർണർ അവരോധിക്കുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തില്ല. പിഎം ശ്രീ പദ്ധതിക്ക് പരവതാനി വിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ബിജെപിയുടെ ഇംഗിതമനുസരിച്ചുള്ള ഭരണമാണ് കേരളത്തിലേതെന്ന് സംശയലേശമന്യേ വ്യക്തമായി.










0 comments