ad
Deshabhimani

ടാറ്റ പോലും അറിയാതെ സതീശന്റെ 10,000 കോടി നിക്ഷേപ പ്രഖ്യാപനം; ഒടുവിൽ മലക്കംമറിഞ്ഞ് സർക്കാർ

tata satheesan
വെബ് ഡെസ്ക്

Published on Jul 17, 2026, 06:41 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി ആരംഭിക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് സതീശൻ സർക്കാർ. ടാറ്റ ഗ്രൂപ്പ് കപ്പൽനിർമാണ മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും 10,000 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭൂമി നൽകുമെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പദ്ധതി ടാറ്റ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ചർച്ചകൾ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


“ടാറ്റ കപ്പൽനിർമാണത്തിൽ നിക്ഷേപിക്കാൻ തയ്യാറാണ്. അവർ നിർദേശിച്ച 10,000 കോടി രൂപയുടെ പദ്ധതിക്ക് ഭൂമി നൽകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിന് പിന്നാലെ സംസ്ഥാനത്തേക്ക് ടാറ്റയുടെ വൻ നിക്ഷേപം എത്തുന്നുവെന്ന തരത്തിൽ സർക്കാർ കേന്ദ്രങ്ങളും യുഡിഎഫ് നേതൃത്വവും പ്രചാരണം നടത്തിയിരുന്നു.


എന്നാൽ അത്തരമൊരു പദ്ധതി ടാറ്റയുടെ പരിഗണനയിലില്ലെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ഇൻഫ്ര റിപ്പോർട്ട് ചെയ്തു. കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ സമാനമായ കപ്പൽനിർമാണ പദ്ധതി പരിഗണനയിലില്ലെന്നാണ് ഉദ്യോഗസ്ഥൻ അറിയിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമർശം കേട്ട് ഞെട്ടിപ്പോയെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.


ടാറ്റയുടെ നിഷേധം പുറത്തുവന്നതോടെയാണ് സർക്കാർ പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. ടാറ്റയുടെ മാത്രം നിക്ഷേപമല്ല മുഖ്യമന്ത്രി പരാമർശിച്ചതെന്നും വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപസാധ്യതയാണ് 10,000 കോടി രൂപയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോൾ പറയുന്നത്.


ഏതെങ്കിലും ഒരു സ്ഥാപനവുമായി 10,000 കോടി രൂപയുടെ നിക്ഷേപകരാർ അന്തിമമായി ഉറപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും വിവിധ നിക്ഷേപകരിൽനിന്ന് വരുംവർഷങ്ങളിൽ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ തുകയാണ് പരാമർശിച്ചതെന്നുമാണ് പുതിയ വാദം.


എന്നാൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണത്തിൽ ടാറ്റയുടെ പേര് വ്യക്തമായി പരാമർശിച്ചിരുന്നു. ടാറ്റ നിക്ഷേപത്തിന് തയ്യാറാണെന്നും അവർ നിർദേശിച്ച പദ്ധതിക്ക് സർക്കാർ ഭൂമി നൽകുമെന്നും ചർച്ചകൾ ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കമ്പനി തന്നെ പദ്ധതി നിഷേധിച്ചതോടെ ടാറ്റയുടെ 10,000 കോടി രൂപയുടെ നിക്ഷേപം വിവിധ കമ്പനികളിൽനിന്ന് പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപസാധ്യതയായി മാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home