നിക്ഷേപ തട്ടിപ്പ്: ടാൽറോപ് ഡയറക്ടർ ബോർഡ് അംഗം അറസ്റ്റിൽ

തിരുവനന്തപുരം: ടാൽറോപ് ഡയറക്ടർ ബോർഡ് അംഗം യഹ്യ അറസ്റ്റിൽ. നിക്ഷേപ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. പാങ്ങോട് സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്. 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ടാൽറോപ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
മുന്നൂറോളം നിക്ഷേപകരാണ് കമ്പനിയുടെ പട്ടികയിലുള്ളത്. കൂടുതലും ബിസിനസ് മേഖലയിൽ മുൻപരിചയമില്ലാത്തവർ. നിക്ഷേപത്തിനായി സ്ഥലമോ കെട്ടിടമോ കമ്പനി ഏറ്റെടുക്കും. തുടർന്ന് നിർമാണത്തിനുള്ള തുകയും നിക്ഷേപകരിൽനിന്ന് വാങ്ങും. ടാൽറോപ്പിന്റെ കമ്പനിതന്നെയാണ് നിർമാണവും നടത്തുക. ലാഭവിഹിതവും വാടകയും ഉൾപ്പെടെ വലിയൊരു തുക എല്ലാമാസവും നൽകാമെന്നാണ് നിക്ഷേപകർക്കുള്ള വാഗ്‌ദാനം. പലരും വായ്‌പയെടുത്തും കടംവാങ്ങിയുമാണ് പണം നൽകിയിട്ടുള്ളത്. പണം നിക്ഷേപിച്ച നിരവധി പേരാണ് ഇപ്പോൾ വെട്ടിലായതെന്ന് ജീവനക്കാർ പറയുന്നു.
300ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് കമ്പനിയിലെ തട്ടിപ്പ് പുറത്താകുന്നത്. സ്‌റ്റീവ് ജോബ്‌സിനെയും മാർക് സക്കർബർഗിനെയും ഇലോൺ മസ്‌കിനെയും സൃഷ്ടിക്കാൻ കേരളത്തിൽ സിലിക്കൺവാലി മാതൃക ഒരുക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചത്. ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പരസ്യപിന്തുണ നിക്ഷേപകരെ വീഴ്‌ത്താൻ പ്രയോജനപ്പെടുത്തി. കേന്ദ്രമന്ത്രിയിൽനിന്നുൾപ്പെടെ അവാർഡുകൾ സ്വീകരിച്ചതും നിക്ഷേപകരുടെ വിശ്വാസം നേടാൻ സഹായിച്ചു.
പത്തുവർഷത്തിനിടെ 1000 കോടിയോളം രൂപ പലരിൽനിന്നായി കമ്പനിയുടമകൾ സ്വരൂപിച്ചെന്നാണ് സൂചന. സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരുണ്ട്. സ്ഥലവും കെട്ടിടവും പണവുമായി മുന്നൂറോളംപേർ 50 ലക്ഷംമുതൽ 10 കോടിവരെ നിക്ഷേപിച്ചു. എന്നാൽ, വാഗ്‌ദാനംചെയ്‌ത ലാഭവിഹിതമോ പ്രതിഫലമോ ലഭിച്ചില്ല.
ഫോണിൽ വിളിച്ചപ്പോൾ കിട്ടാതായതോടെയാണ് കമ്പനി പൂട്ടിയ വാർത്ത നിക്ഷേപകർ അറിഞ്ഞത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സഫീർ നജുമുദ്ദീനാണ് കമ്പനി ചെയർമാൻ. സഹോദരൻ സോബിൻ നജുമുദ്ദീൻ, കൊല്ലം കടയ്‌ക്കൽ സ്വദേശികളായ അനസ് അബ്‌ദുൾ ഗഫൂർ, ഷമീർ ഖാൻ, അഫീഫ സലിം എന്നിവർ സഹസ്ഥാപകരും. 2015ൽ രൂപീകരിച്ച് 2017ൽ രജിസ്‌റ്റർ ചെയ്യുമ്പോൾ 10 ലക്ഷംരൂപമാത്രമായിരുന്നു മൂലധനം. പലരിൽനിന്നും സ്വീകരിച്ച നിക്ഷേപം ഉപയോഗിച്ചാണ് ഓഫീസുകൾ തുറന്നത്.










0 comments