ad
Deshabhimani

print edition കുട്ടികളില്ല പുസ്തകമില്ല കെട്ടിടമില്ല 
 ഭക്ഷണമില്ല യൂണിഫോമില്ല ; സ്‌കൂളുകൾ പൂട്ടിയ അക്കാലം

udf
വെബ് ഡെസ്ക്

Published on Mar 04, 2026, 03:48 AM | 3 min read

യുഡിഎഫ് ഭരണത്തിൽ മന്ത്രി അബ്‌ദുറബ്ബിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർത്ത അഞ്ച് വർഷമായിരുന്നു 2011 മുതൽ 16 വരെ. അടച്ചുപൂട്ടിയ സർക്കാർ സ്‌കൂളുകൾ, തകർന്നുവീഴാറായ കെട്ടിടങ്ങൾ, ഓണപ്പരീക്ഷ കഴിഞ്ഞാലും കിട്ടാത്ത പാഠപുസ്‌തകത്തിനായി അലയുന്ന കുട്ടികൾ, എലി ചത്തുവീണ കഞ്ഞി കുടിക്കേണ്ടിവന്ന വിദ്യാർഥികൾ, പൊട്ടിപ്പൊളിഞ്ഞ ശുചിമുറികൾ, തസ്‌തിക നഷ്‌ടപ്പെട്ട അധ്യാപകർ... അങ്ങനെ പോകുന്നു ആ ഇരുണ്ടകാലത്തിന്റെ ചിത്രങ്ങൾ.


തിരുവനന്തപുരം

ഇടിഞ്ഞുവീഴാറായ സ്‌കൂൾകെട്ടിടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി, പാഠപുസ്‌തകമില്ലാതെ കുട്ടികൾ, പരീക്ഷ നടത്താൻ വൈകിയതെന്താണെന്ന്‌ ചോദിച്ചപ്പോൾ, ഓണം നേരത്തെ വന്നതുകൊണ്ടാണെന്ന്‌ മറുപടി പറഞ്ഞ വിദ്യാഭ്യാസമന്ത്രി.. പൊതുവിദ്യാഭ്യാസത്തിന്‌ ഒരു വിലയും നൽകാതിരുന്ന യുഡിഎഫ് കാലത്തിന്റെ നേർചിത്രങ്ങളാണ്‌ ഇവ.


ഉമ്മൻചാണ്ടി സർക്കാർ ആയിരത്തോളം സർക്കാർ സ്‌കൂളുകളാണ്‌ അനാദായകരമെന്ന് മുദ്രകുത്തി പൂട്ടാൻ ശ്രമിച്ചത്‌. കോഴിക്കോട്‌ മലാപറമ്പ് എയുപി സ്കൂൾ അടക്കം നാല്‌ സ്കൂളുകൾ നിർദാക്ഷിണ്യം അടച്ചുപൂട്ടി. 2016ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ ഈ സ്കൂളുകൾ ഏറ്റെടുത്തു. ഇന്ന്‌ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ മികവിന്റെ പാതയിലാണ്‌.


annu


പാഠപുസ്‌തകം കിട്ടാതെ കുട്ടികൾ തെരുവിൽ സമരത്തിനിറങ്ങേണ്ടിവന്ന അധ്യയനവർഷങ്ങൾ സൃഷ്ടിച്ചാണ്‌ യുഡിഎഫ്‌ സർക്കാർ പടിയിറങ്ങിയത്. ഓണപരീക്ഷ ആയിട്ടും പാഠപുസ്‌തകം കുട്ടികളുടെ കൈയിലെത്താത്തതിനെ തുടർന്ന്, അധ്യാപകർ പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചു. അഞ്ച്‌ ലക്ഷം വിദ്യാർഥികളാണ്‌ കൊഴിഞ്ഞുപോയത്‌.


എൽഡിഎഫ്‌ അധികാരത്തിൽ എത്തിയതോടെ അടിസ്ഥാന സ‍ൗകര്യ വികസനത്തിലും അക്കാദമിക രംഗത്തും നടപ്പാക്കിയ പദ്ധതികളിലൂടെ പത്ത്‌ ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക്‌ മടങ്ങിയെത്തി. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സൗജന്യ യൂണിഫോം പദ്ധതിയിലൂടെ കൈത്തറി മേഖലയെക്കൂടി സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചു.


thirur
തിരൂരങ്ങാടി കാളംതിരുത്തിയിൽ ഓലപ്പുരയിൽ 
പ്രവർത്തിച്ച ബദൽ വിദ്യാലയത്തെക്കുറിച്ച് 2016ൽ വന്ന വാർത്ത


കഞ്ഞിയിൽ എലി

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ക്യാന്പസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ഉച്ചക്കഞ്ഞിയ്‌ക്കായി കൊണ്ടുവന്ന അരിയിൽ ചത്ത എലിയും ബീഡിക്കുറ്റിയും– 2012 ജൂലൈ 9നായിരുന്നു സംഭവം. സ്കൂളിൽ ആഴ്ചയിൽ രണ്ടുതവണ പാലും മുട്ടയും കൊടുക്കണമെന്നത്‌ കടലാസിൽ മാത്രമായി.


udf school
യുഡിഎഫ് കാലത്ത് ​വിദ്യാഭ്യാസ രംഗം ഇ‍ൗജിയൻ തൊഴുത്തായെന്ന്‌ 
കോൺഗ്രസ്‌ മുഖപത്രം ‘വീക്ഷണം’ എഴുതിയ മുഖപ്രസംഗം


പ്ലസ്‌ടു വീതംവച്ച അക്കാലം

പുതിയ പ്ലസ്‌ടു സ്‌കൂൾ ഒന്നിന് രണ്ടു കോടി, അധിക ബാച്ചിന് 40 ലക്ഷം... ലേലംവിളി ഒരു വശത്ത്, മാനേജ്മെന്റുകളെ സ്വാധീനിക്കാൻ ഭരണകക്ഷി നേതാക്കൾ ഏജന്റുമാരായി മറുവശത്ത്. വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗ് നാനൂറോളം സ്‌കൂളുകളുടെ കച്ചവടം ഉറപ്പിച്ചതായി കോൺഗ്രസ്‌ മന്ത്രിമാർതന്നെ ആരോപിച്ചു. വീതംചോദിച്ച്‌ പരസ്പ‌രം ഉടക്കി. വീതംവയ്പിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെങ്കിലും പുതിയ അപേക്ഷ പരിഗണിച്ചപ്പോഴും കോഴ നൽകിയവർതന്നെ പട്ടികയിൽ. അഴിമതിയുടെ വീതംവയ്‌പ് ഇങ്ങനെ– എറണാകുളംമുതൽ വടക്കോട്ട് 94 പുതിയ സ്കൂ‌ൾ. ഇതിൽ 77ളം മാനേജ്മെന്റിന്, സർക്കാരിന് 11 മാത്രം. പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തിൽ 131 സ്‌കൂൾ. ഇതിൽ 88ഉം മാനേജ്‌മെന്റുകൾക്ക്. പിന്നെ 426 അധികബാച്ച് മുഴുവൻ മാനേജ്മെന്റുകൾക്ക്.


പണം നൽകിയിട്ടും സ്‌കൂൾ ലഭിക്കാത്തവർ കോഴക്കണക്ക് വിളിച്ചുപറഞ്ഞു. അർഹതയുണ്ടായിട്ടും പണം നൽകാത്തതിനാൽ സ്‌കൂൾ ലഭിക്കാത്തവർ കോടതിയെ സമീപിച്ചു. വിദഗ്ധ സമിതി ശുപാർശചെയ്‌ത സ്‌കൂളുകൾ ഒഴികെയുള്ള മുഴുവൻ സ്‌കൂളുകളും ബാച്ചുകളും റദ്ദാക്കി.


manorama
പാഠപുസ്‌തകമില്ലാത്തതിനാൽ പരീക്ഷ മാറ്റിയ വാർത്ത 2015 
ജൂലൈ രണ്ടിന്‌ മലയാള മനോരമ ഒന്നാം പേജിൽ


ഒരു പരീക്ഷ
മൂന്ന് ഫലം

​2015ൽ എസ്എസ്എൽസി ഫലം മന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വിദ്യാർഥികളും രക്ഷിതാക്കളും യാഥാർഥ ഫലമറിയാനുള്ള നെട്ടോട്ടം തുടങ്ങി. എപ്ലസ് പ്രതീക്ഷിച്ചവർ കൂട്ടത്തോടെ തോറ്റു. പല സ്‌കൂളുകളുടെയും ഫലം കാണാനേയില്ല. കണ്ണൂർ ആലക്കോട്ട് പരീക്ഷ എഴുതാത്ത വിദ്യാർഥിയെ ജയിപ്പിച്ചു. മണിക്കൂറുകൾക്കകം പൊതുവിദ്യാഭ്യാസവകുപ്പ് ഫലം മാറ്റി പുതിയത്‌ പ്രഖ്യാപിച്ചു. ആദ്യം ജയിച്ചവരുടെ ഫലം രണ്ടാമത്തെ പട്ടികയില്ല. ഓരോ ജില്ലയിലും ആയിരക്കണക്കിനു കുട്ടികളുടെ ഫലം കണ്ടെത്താനായില്ല. ചരിത്രത്തിലാദ്യമായി മൂന്നുതവണ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച്‌ മന്ത്രി അബ്ദുറബ്ബ് അപഹാസ്യനായി.


പഠിക്കാൻ ഫോട്ടോസ്‌റ്റാറ്റ്‌

പാഠപുസ്‌തകങ്ങൾ എത്താത്തതിനാൽ 10 വർഷംമുന്പ്‌ ഓണപ്പരീക്ഷതന്നെ മാറ്റിവച്ച അനുഭവമുണ്ടായിരുന്നു കേരളത്തിന്‌. 2015ൽ ഓണം കഴിഞ്ഞാണ്‌ ഓണപ്പരീക്ഷ നടന്നത്‌; സെപ്‌തംബർ 9 മുതൽ 18വരെ. ഓണം നേരത്തെ വന്നതിനാലാണ്‌ പരീക്ഷ വൈകിയത്‌ എന്ന വിചിത്രവാദമായിരുന്നു മന്ത്രി അബ്ദു റബ്ബിന്‌. കാക്കനാട്‌ ഗവ. പ്രസിൽ അടിക്കുന്ന പുസ്‌തകം സ്വകാര്യപ്രസിന്‌ മറിച്ചുനൽകി കമീഷൻ അടിക്കാനുള്ള നീക്കം പുറത്തറിഞ്ഞതോടെയാണ്‌ അച്ചടി വൈകിയത്‌. അധ്യാപകരും വിദ്യാർഥി സംഘടനകളും കുട്ടികൾക്ക്‌ ഫോട്ടോസ്‌റ്റാറ്റ്‌ എടുത്തുനൽകിയാണ്‌ പഠനം തുടർന്നത്‌. യുഡിഎഫ്‌ ഭരണത്തിൽ 2013, 2014, 2015 വർഷങ്ങളിൽ പാഠപുസ്‌തക വിതരണം വൈകി. 2015–-16 അധ്യയന വർഷത്തെ കടുത്ത പ്രതിസന്ധി മാസങ്ങളോളം നീണ്ടു.


അക്കാലം 5412 സ്‌കൂൾ 
പ‍ൂട്ടൽ ഭീഷണിയിൽ

കുട്ടികൾ കുറവെന്നപേരിൽ 5412 വിദ്യാലയം അടച്ചുപ‍ൂട്ടൽ ഭീഷണിയിലായി. 2015ൽ മാത്രം 18,000 അധ്യാപക തസ്തികകൾ നഷ്‌ടപ്പെട്ടു. 2011 മെയിൽ സർക്കാർ നടപ്പാക്കിയ അധ്യാപക പാക്കേജിന്റെ പേരിൽ തസ്തികനിർണയം നിലച്ചു. പാക്കേജ് ഹൈക്കോടതി റദ്ദാക്കി. 2011 മുതൽ റിട്ടയർമെന്റ്‌, രാജി പ്രൊമോഷൻ ഒഴിവുകൾ നികത്തിയില്ല. ഏതു സമയവും സ്വയം പൂട്ടുവീഴുന്ന സ്ഥാപനങ്ങളായി സർക്കാർ സ്കൂളുകൾ മാറി.


അന്ന് യൂണിഫോമിലും അഴിമതിമണം

സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോമിലും അഴിമതിയുടെ മണമായിരുന്നു. മുൻ എൽഡിഎഫ്‌ സർക്കാർ സ്‌കൂളുകൾക്ക് പണം നൽകി പ്രധാനാധ്യാപകരെക്കൊണ്ട് ആവശ്യമായ യൂണിഫോം കുട്ടികൾക്ക് വാങ്ങിനൽകിയിരുന്നെങ്കിൽ മന്ത്രി അബ്ദുറബ്ബ് അങ്ങനെ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. 110 കോടി രൂപ അനുവദിച്ചു. വൻകിട തുണിക്കമ്പനികളെ മന്ത്രി ഓഫീസിലേക്ക് വരുത്തി കരാർ ഉറപ്പിച്ചു. ഫലമോ സ്‌കൂൾ തുറക്കുമ്പോൾ വിതരണംചെയ്യേണ്ടുന്ന യൂണിഫോം സ്കൂ‌ൾ പുട്ടാറായപ്പോൾ എത്തി.

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റവും അഴിമതിക്കുള്ള അവസരമാക്കി.


പഞ്ചറായ ബസ്‌ / ക്ലാസ്‌

ഒരു പകൽ മുഴുവൻ സ്‌കൂൾമുറ്റത്ത്‌ നിർത്തിയിട്ട ബസിനകത്ത്‌ ക്ലാസ്‌. മഴയത്തും വെയിലത്തും മൂന്നുവർഷത്തോളം ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനമുറി ആ ബസായിരുന്നു. മലപ്പുറം മങ്കട പള്ളിപ്പുറം ജിഎച്ച്‌എസ്‌എസ്‌ സ്‌കൂളിലെ വിദ്യാർഥികൾക്കായിരുന്നു ദുർവിധി. 1200 വിദ്യാർഥികളുണ്ടായിരുന്ന സ്‌കൂളിൽ ആവശ്യത്തിന്‌ ക്ലാസ്‌ മുറികൾ ഒരുക്കാൻ അന്നത്തെ സർക്കാരിന്‌ താൽപര്യമുണ്ടായിരുന്നില്ല. സ്‌കൂൾ അടുക്കളയിൽവരെ തിങ്ങിനിറഞ്ഞ്‌ ക്ലാസ്‌ നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ സ്‌കൂൾബസ്‌ ക്ലാസ്‌മുറിയാക്കി മാറ്റി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു അധ്യാപകർ.


busclass
മങ്കട പള്ളിപ്പുറം ജിഎച്ച്‌എസ്‌എസിൽ സ്‌കൂൾ ബസിൽ ക്ലാസെടുക്കുന്നു (ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽനിന്ന്)







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home