print edition ബക്കാഡി ഫയലിന് ശരവേഗം ജീവനക്കാരുടെ കാര്യത്തിൽ ഒച്ചിഴയൽ

ഒ വി സുരേഷ്
Published on Jun 28, 2026, 01:04 AM | 1 min read
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് വൻനികുതിയിളവ് നൽകുന്ന ഫയലിൽ ശരവേഗത്തിൽ തീരുമാനമെടുത്ത മുഖ്യമന്ത്രി വി ഡി സതീശൻ, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശന്പളപരിഷ്‌കരണ കമീഷന്റെ കാലാവധി നീട്ടാനുള്ള ഫയൽ പിടിച്ചുവച്ചത് ഒരു മാസത്തിലേറെ. മെയ് 26മുതൽ ഇൗ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലാണ്.
സംസ്ഥാനത്ത് 5.45 ലക്ഷത്തോളം ജീവനക്കാരും അഞ്ചു ലക്ഷത്തിലേറെ പെൻഷൻകാരുമുണ്ട്. കേന്ദ്രജീവനക്കാർക്ക് 10 വർഷത്തിലൊരിക്കലാണ് ശന്പളപരിഷ്‌കരണമെങ്കിലും സംസ്ഥാനത്ത് അഞ്ചുവർഷത്തിലൊരിക്കൽ ശന്പളപരിഷ്‌കരണമെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. ജനുവരിയിലെ ബജറ്റിലാണ് ശന്പളകമീഷൻ രൂപീകരണം പ്രഖ്യാപിച്ചത്. ഫെബ്രുവരി 23ന് കമീഷൻ രൂപീകരിച്ചു.
മൂന്നുമാസമായിരുന്നു കമീഷന്റെ കാലാവധി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പും സാമ്പത്തികവർഷത്തിന്റെ അവസാനവുമായത് ജീവനക്കാരെ ബാധിച്ചു. മെയ് 22ന് കമീഷന്റെ കാലാവധി അവസാനിക്കുമെന്നതിനാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി ആറുമാസത്തേക്ക് നീട്ടാൻ അഭ്യർഥിച്ച് മാർച്ച് 24ന് കമീഷൻ ധനവകുപ്പിന് കത്തുനൽകി.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാമെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കത്ത് നൽകി. ഇതാണ് മെയ് 26മുതൽ ധനവകുപ്പ് കൈകാര്യംചെയ്യുന്ന വി ഡി സതീശന്റെ മുന്നിലുള്ളത്.
ഫയലിൽ തീരുമാനമെടുക്കണമെന്നഭ്യർഥിച്ച് കമീഷൻ ചെയർമാൻ ജൂൺ 23ന് വീണ്ടും കത്തയച്ചു. കമീഷന്റെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് പ്രൊഫ. സി രവീന്ദ്രനാഥ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് 23നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഒരുമാസമായിട്ടും, ‘പരിശോധിച്ചുവരുന്നു’ എന്നുമാത്രമായിരുന്നു മറുപടി.











0 comments