കച്ചവടക്കണ്ണോടെ ആരോഗ്യമേഖലയെ തകർക്കുന്ന സർക്കാർ; ചികിത്സാപിഴവുകളുടെ ശവപ്പറമ്പാകുന്ന ആശുപത്രികൾ

തിരുവനന്തപുരം: ഒരിക്കൽ ലോകത്തിന് മാതൃകയായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖലയിൽ നിന്നും ഇന്ന് കേൾക്കുന്നത് സംസ്ഥാനത്തെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകളാണ്. കേരളത്തിന്റെ ആരോഗ്യമേഖല ഇന്ന് അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്. യുഡിഎഫ് സർക്കാർ അധികാരമേറ്റ് വെറും അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ, അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളായ സർക്കാർ ആശുപത്രികൾ അനാഥമായിരിക്കുകയാണ്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും വില കൽപ്പിക്കാത്ത സർക്കാരിന്റെ കീഴിൽ കേരളത്തിന്റെ പൊതുആരോഗ്യരംഗം തകർച്ചയുടെ വക്കിലാണ്.
ചികിത്സാപിഴവുകളുടെ ശവപ്പറമ്പ്
കഴിഞ്ഞ അഞ്ച് മാസങ്ങൾക്കിടയിൽ കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തുവന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യന്റെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സർക്കാരിന്റെയും ആരോഗ്യ മന്ത്രിയുടേയും ഉദാസീനതയിലേക്കാണ് ഓരോ വീഴ്ചകളും വിരൽചൂണ്ടുന്നത്.
ഹൃദയാഘാതമില്ലാത്ത രോഗിക്ക് ഹൃദ്രോഗ ചികിത്സ നൽകിയതും, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് മൂലം രോഗി മരണപ്പെട്ടതും ആരോഗ്യവകുപ്പിന്റെ സമ്പൂർണ പരാജയമാണ് വ്യക്തമാക്കുന്നത്.
പരിയാരത്തും കോട്ടയത്തും ശസ്ത്രക്രിയയ്ക്കിടെ രോഗികൾ മരണപ്പെട്ടതും, ആലപ്പുഴയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണിൽ ലെൻസ് തുളച്ചുകയറിയതും നമ്മുടെ സംവിധാനങ്ങളുടെ നിലവാരത്തകർച്ച കാണിക്കുന്നു.
തിരുവനന്തപുരത്ത് രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചതും, കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടമ്മ മരണപ്പെട്ടതും, ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതും എടുത്തുപറയേണ്ട ഗുരുതര വീഴ്ചകളാണ്.
കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം ഒൻപത് വയസുകാരൻ ദാരുണമായി മരണപ്പെട്ടപ്പോഴും കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകിയപ്പോഴും 16 കാരിക്ക് 86 വയസുള്ള ആളുടെ എക്സ്-റേയും മരുന്നും നൽകിയപ്പോഴും ബന്ധപ്പെട്ടവർക്ക് യാതൊരു കുറ്റബോധവുമില്ല.
പുനലൂർ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയിട്ടും അധികാരികൾ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ്.
മരുന്ന് ക്ഷാമവും ഉപകരണങ്ങളുടെ അനാസ്ഥയും
സർക്കാർ ആശുപത്രികളിൽ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, അണുബാധകൾ എന്നിവയ്ക്കുള്ള അത്യാവശ്യ മരുന്നുകൾ പോലും ലഭ്യമല്ല. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ വഴിവിട്ട പ്രവർത്തനങ്ങളും മരുന്ന് സംഭരണത്തിലെ കാലതാമസവുമാണ് ഇതിന് കാരണം. എന്നാൽ ഈ മരുന്ന് ക്ഷാമം പുറത്തുപറയരുതെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനിടയിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നു. യുഡിഎഫ് സർക്കാരിന്റെ ഈ ജനദ്രോഹ ഭരണത്തിൽ പാവപ്പെട്ടവന്റെ ജീവന് പുല്ലുവിലപോലുമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കേരളത്തിലെ പൊതുആരോഗ്യ സംവിധാനത്തെ തകർത്ത്, ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുപിടിക്കാൻ കഴിഞ്ഞ സർക്കാരിന്റെ തലയിൽ കുറ്റങ്ങൾ കെട്ടിവെക്കാൻ നോക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾ സത്യാവസ്ഥ തിരിച്ചറിഞ്ഞുതുടങ്ങി.
കേരളത്തിന്റെ ആരോഗ്യമേഖലയെ അഞ്ച് മാസം കൊണ്ട് ഈ പരുവത്തിലാക്കിയയത് യുഡിഎഫ് സർക്കാർ മാത്രമാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അതിനാൽത്തന്നെ സർക്കാരും മന്ത്രിയും ഈ വീഴ്ചകൾക്ക് മറുപടി പറയേണ്ടി വരുമെന്നതിൽ സംശയമില്ല.









0 comments