print edition ചെലവ് ഇരട്ടി; വിലക്കയറ്റത്തിൽ മുങ്ങി ഓണം

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: ഓണച്ചെലവിന് കഴിഞ്ഞവർഷത്തെ ഇരട്ടിത്തുക ചെലവഴിക്കേണ്ട ഗതികേടിലാണ് മലയാളികൾ. പലചരക്കിനും പച്ചക്കറിക്കും ഇത്തവണ കുത്തനെ വില ഉയർന്നു. ഓണത്തിന് ഒരു മാസംമുന്പ് തുടങ്ങിയ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ യുഡിഎഫ് സർക്കാർ സമ്പൂർണ പരാജയമായി. ഓണമടുക്കുമ്പോൾ പച്ചക്കറികൾക്ക് വില വർധിക്കാറുണ്ടെങ്കിലും ഇക്കൊല്ലം ദിവസങ്ങൾക്കിടെയാണ് വില കുത്തനെ ഉയർന്നത്.
വിവിധ അരിയിനങ്ങൾക്ക് അഞ്ചുമുതൽ 10 രൂപവരെയാണ് കൂടിയത്. നെല്ലിക്ക, നാരങ്ങ, ഇഞ്ചി എന്നിവയുടെ വില 100 പിന്നിട്ടു. ജൂണിൽ 70 രൂപയായിരുന്ന ഇഞ്ചിക്ക് ജൂലൈമുതൽ 200 മുതൽ 240 വരെയാണ് ഇൗടാക്കുന്നത്. ചെറുനാരങ്ങയ്ക്ക് ആഴ്‌ചകൾക്കിടെ 100 രൂപ കൂടി 200 ആയി. വെളുത്തുള്ളിക്ക് രണ്ടാഴ്‌ചയ്ക്കിടെ 50 രൂപയോളംകൂടി.
ഏത്തയ്ക്ക കിലോ 80 മുതൽ 90 വരെയും വെളിച്ചെണ്ണ വില വിപണിയിൽ 300ഉം ആയതോടെ ചിപ്‌സ്, ശർക്കര ഉപ്പേരി എന്നിവയുടെ വിലയും വർധിച്ചു. പഞ്ചസാര കഴിഞ്ഞ മാസത്തെ 52 രൂപ ഇന്ന് 60 ആയി. 70 രൂപയിലിരുന്ന ശർക്കര 110 രൂപയായി.
മുൻകാലങ്ങളിൽ ഹോട്ടലുകളിൽ 100 രൂപമുതൽ ലഭ്യമായിരുന്ന ഓണസദ്യക്ക് ഇക്കുറി അഞ്ഞൂറിനും മുകളിലാണ് നിരക്ക്. ആഡംബര ഹോട്ടലുകളിൽ 1500 മുതൽ 2500 വരെയും ഈടാക്കുന്നുണ്ട്. വിപണിയിടപെടൽ നടത്തുന്നതിൽ സർക്കാരിന്റെ അനാസ്ഥ തെളിയിക്കുന്ന സപ്ലൈകോ വിറ്റുവരവ് കണക്കും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
സാധനങ്ങൾ എത്തിക്കുന്നതിൽ കാലതാമസം നേരിട്ടതോടെയാണ് വിൽപ്പന കുറഞ്ഞ് കോടികളുടെ കുറവുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റേഷൻകട വഴി വിതരണം ചെയ്യുന്ന സ്‌പെഷ്യൽ അരിയുടെ വില ഇരട്ടിപ്പിച്ചും അളവ് കുറച്ചുമുള്ള ദ്രോഹങ്ങൾക്കിടെയാണ് ഓണവിപണിയിലും ഇടപെടൽ നടത്താതെയുള്ള വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ഓണം.










0 comments